KeralaLatest

ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം റാന്നി താലൂക്ക്തല യോഗം ചേര്‍ന്നു

“Manju”

അഖിൽ ജെ എൽ

 

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് റാന്നി താലൂക്കിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണെന്നും ഇവയെ ഫലപ്രദമായി നേരിടുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം യോഗംചേര്‍ന്നു. മഴ ശക്തമായാല്‍ വെള്ളം കയറാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ ഒരുക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി. പ്രകൃതിക്ഷോഭം നേരിടാന്‍ ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവിശ്യത്തിനു ലഭ്യമാക്കാന്‍ നടപടിയുണ്ടാകും. പോലീസ് അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കേണ്ടതായിവന്നാല്‍ അവരുടെ താമസ സ്ഥലത്തുനിന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്കു മാറ്റുന്നതിനും രക്ഷാപ്രവര്‍ത്തനത്തിലും സജീവ പങ്കാളിയാകും. കോവിഡ് 19 രോഗവ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഒരുക്കണം.

പ്രകൃതിക്ഷോഭം നേരിടുന്നതിനു നീന്തല്‍ പരിശീലനം ലഭിച്ചവരുടെ സേവനം ഫയര്‍ഫോഴ്‌സ് ഉറപ്പുവരുത്തേണ്ടതുണ്ട്. ലൈഫ് ജാക്കറ്റുകളും ചെയിന്‍ സോയും അസ്‌കാ ലൈറ്റുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കളക്ടറേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്ഷനിലേക്കു റിപോര്‍ട്ട് ചെയ്യുകയും രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ പങ്കാളികളാക്കാനും അവരുടെ സേവനത്തെ പ്രോല്‍സാഹിപ്പിക്കുകയും വേണം.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി പ്രതിരോധ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് 19 പശ്ചാത്തലത്തില്‍ അനുയോജ്യമായ ക്യാമ്പുകള്‍ കണ്ടെത്തുന്നതിനു തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ സംയുക്ത യോഗം വിളിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു ക്രമീകരണം ഏര്‍പ്പെടുത്തുവാനും അധ്യക്ഷന്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ റാന്നി തഹസില്‍ദാര്‍ മിനി കെ.തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജഹാംഗീര്‍, ജോസ് കെ.ഈപ്പന്‍, വി.എസ് രാജന്‍, എം.കെ അജികുമാര്‍, റാന്നി ബി.ഡി.ഒ: കെ.ആര്‍.രാജശേഖരന്‍, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് റാന്നി സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ഓമനക്കുട്ടന്‍, റാന്നി താലൂക്ക് ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ വി.ആര്‍ വൈശാഖ്, റാന്നി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി അനീഷ്, റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button