IndiaLatest

ഇന്ത്യയിലെ വാക്സിന്‍ വിതരണത്തില്‍ വന്‍ കുറവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന്‍ വിതരണത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച 88 ലക്ഷം ഡോസുകള്‍ കൊടുത്ത് റെക്കാഡ് ഇട്ട് 24 മണിക്കൂറിനുള്ളില്‍ ഏകദേശം 25 ലക്ഷം ഡോസുകളുടെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മുഴുവന്‍ നല്‍കിയ ഡോസുകളുടെ എണ്ണം വെറും 53.86 ലക്ഷം ആണ്. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ ഡോസ് വിതരണം ചെയ്ത മദ്ധ്യപ്രദേശില്‍ ഇന്നലെ വന്ന കുറവാണ് വാക്സിനേഷന്റെ എണ്ണത്തില്‍ ഇടിവ് വരാന്‍ കാരണം.

എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 88 ലക്ഷം ഡോസുകള്‍ നല്‍കിയെന്ന കേന്ദ്രത്തിന്റെ അവകാശവാദം പോലും മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണെന്ന് മനസിലാകും. തിങ്കളാഴ്ച വാക്സിന്‍ കണക്കുകള്‍ ഉയര്‍ത്തുന്നതിനു വേണ്ടി മദ്ധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ മൂന്ന് നാല് ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ വാക്സിന്‍ വിതരണം സംസ്ഥാനത്ത് കുറച്ചിരുന്നു. ഇത് മുന്‍ പദ്ധതിപ്രകാരം മനപൂര്‍വം ചെയ്തതാകാമെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളില്‍ നിന്ന് വാക്സിന്‍ വിതരണത്തിന്റെ ചുമതല കേന്ദ്രം ഏറ്റെടുത്തത് കാരണം വാക്സിനേഷന്‍ കണക്കുകള്‍ വര്‍ദ്ധിച്ചുവെന്ന് പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് വിമര്‍ശനം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നല്‍കിയ തിങ്കളാഴ്ച മദ്ധ്യപ്രദേശില്‍ മാത്രം നല്‍കിയത് 16.9 ലക്ഷം ഡോസുകളാണ്. എന്നാല്‍ അതിനു തലേദിവസമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടു പോലും വെറും 692 ഡോസ് വാക്സിന്‍ ആണ് വിതരണം ചെയ്തത്. കേന്ദ്ര സ‌ര്‍ക്കാരിന്റെ തന്നെ കോവിന്‍ ആപ്പില്‍ നിന്നും ലഭിക്കുന്ന കണക്കുകളാണിത്.

എന്നാല്‍ കണക്കുകള്‍ കൂടുതല്‍ പരിശോധിച്ചാല്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മദ്ധ്യപ്രദേശ് വാക്സിന്‍ വിതരണത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ജൂണ്‍ 16ന് 338,847 ഡോസുകള്‍ നല്‍കിയപ്പോള്‍ തൊട്ടടുത്ത ദിവസം 124,226 ഡോസുകളായി ഇത് കുറഞ്ഞു. പിന്നെയുള്ള ദിവസങ്ങളില്‍ വന്‍ ഇടിവാണ് വാക്സിന്‍ കണക്കുകളില്‍ കാണിക്കുന്നത്. ജൂണ്‍ 18ന് 14,862 ഡോസുകളും ജൂണ്‍ 19ന് 22,006 ഡോസുകളും ജൂണ്‍ 20ന് വെറും 692 ഡോസുകളുമാണ് മദ്ധ്യപ്രദേശില്‍ വികരണം ചെയ്തത്. ജൂണ്‍ 13 മുതല്‍ ജൂണ്‍ 16 വരെ മദ്ധ്യപ്രദേശില്‍ ശരാശരി 228,784 ഡോസ് വാക്സിനുകള്‍ ദിവസേന വിതരണം ചെയ്തപ്പോള്‍ ജൂണ്‍ 17 മുതല്‍ ജൂണ്‍ 20 വരെ അത് വെറും 40,446 ഡോസുകളായി കുറഞ്ഞു. ഇനി വരുന്ന ദിവസങ്ങളിലും മദ്ധ്യപ്രദേശിലെ വാക്സിന്‍ വിതരണത്തില്‍ കുറവ് രേഖപ്പെടുത്താനാണ് സാദ്ധ്യത. ഈ കുറവ് രാജ്യത്തെ മൊത്തം വാക്സിന്‍ കണക്കുകളില്‍ പ്രതിഫലിക്കുകയും ചെയ്യും.

Related Articles

Back to top button