Uncategorized

അഭിവാദ്യമർപ്പിക്കാൻ ആലിംഗനമുറി തയ്യാർ

“Manju”

റോം • കോവിഡ് പശ്ചാത്തലത്തിൽ അന്തേവാസികൾക്കായി ആലിംഗന മുറിയൊരുക്കി നഴ്സിംഗ് ഹോം അധികൃതർ. വടക്കൻ ഇറ്റലിയിൽ വെനീസിനു സമീപമുള്ള ഒരു നഴ്സിംഗ് ഹോമിലാണ് പകർച്ചവ്യാധിഭയമില്ലാതെ ബന്ധുക്കളെ ആലിംഗനം ചെയ്യാൻ അന്തേവാസികൾക്കായി പ്രത്യേക സംവിധാനങ്ങളോടെ മുറി തയാറാക്കിയത്. പരസ്പരം ആലിംഗനം ചെയ്തത് അഭിവാദ്യമർപ്പിക്കുന്നത് ശീലമാക്കിയവരാണ് ഇറ്റാലിയൻ സ്വദേശികൾ. എന്നാൽ, രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായിത്തുടങ്ങിയ ആദ്യഘട്ടത്തിൽത്തന്നെ പരസപരമുള്ള ആലിംഗനം ഒഴിവാക്കണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ടായിരുന്നു.

തങ്ങളെ സന്ദർശിക്കാനെത്തുന്ന പ്രിയപ്പെട്ടവരെ ഒന്നു സ്പർശിക്കാൻ പോലും സാഹചര്യമില്ലാതായതോടെ നഴ്സിംഗ് ഹോമിലെ താമസക്കാർ ഏറെ വിഷമത്തിലായിരുന്നു. പലരും മാനസിക സമ്മർദത്തിന് അടിമകളായി. ഇതാണ് അധികൃതരെ പുതിയ സംവിധാനമേർപ്പെടുത്താൻ പ്രേരിപ്പിച്ചത്. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ശേഷിയുള്ള ലോലവും സുതാര്യവുമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള കർട്ടന് ഇരുവശവുംനിന്ന് പരസ്പരം ആലിംഗനം ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

നഴ്സിംഗ് ഹോമിൽ സന്ദർശനത്തിനെത്തുന്നവരെ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾക്കു വിധേയരാക്കിയശേഷം ഒരു ഐസൊലേറ്റഡ് മുറിയിലേക്ക് പ്രവേശിപ്പിക്കുന്നു. ഇവിടെ ഒരുക്കിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾക്ക് ഇരുപുറവും നിന്ന് ഭയം കൂടാതെ അവർക്ക് ആലിംഗനം ചെയ്യാം. മാസങ്ങൾക്കു ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ ഇത്തരത്തിൽ ആലിംഗനം ചെയ്തപ്പോൾ പലരും കണ്ണീർവാർക്കുന്നുണ്ടായിരുന്നുവെന്ന് നഴ്സിങ് ഹോം അധികൃതർ പറഞ്ഞു.

Related Articles

Check Also
Close
Back to top button