KeralaLatest

കൊച്ചി ലഹരി സംഘത്തിന്റെ പിടിയില്‍

“Manju”

കൊച്ചി• ലഹരി സംഘത്തെ തേടി എറണാകുളം പനങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണം എത്തിയത് ആലപ്പുഴ പൂച്ചാക്കലിലെ ഒരു വിവാഹ വീട്ടിൽ. പ്രതികൾക്ക് ലഹരി ഉപയോഗത്തിന് പണം നൽകിയവരിൽ വരൻ കൂടി ഉൾപ്പെട്ടതോടെ അന്വേഷണം സംഘം വധൂഗൃഹത്തിലുമെത്തി. ലഹരി വസ്തുവിന് ഗൂഗിൾ പേയിലൂടെ പണം നൽകിയ വരൻ വധൂഗൃഹത്തിലെ വിരുന്നിലായതിനാൽ തൽക്കാലം ചോദ്യം ചെയ്ത് വിട്ടയച്ചു.

കേസിൽ ഇതിനകം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പനങ്ങാട് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ അനന്തലാൽ പറഞ്ഞു. പ്രതികളിൽ നിന്ന് എംഡിഎംഎ ലഹരി പദാർ‍ഥം കണ്ടെത്തിയതോടെയായിരുന്നു അന്വേഷണവും അറസ്റ്റും. വിവാഹ വീട്ടിലെ ആഘോഷത്തിന് എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് ഇൻസ്പെക്ടർ അനന്തലാൽ പറഞ്ഞു.

ലഹരി സംഘത്തിന്റെ കണ്ണികൾ തേടി പൊലീസ് വീടുകളിൽ എത്തുമ്പോൾ ചില മാതാപിതാക്കൾക്ക് ഞെട്ടലാണെങ്കിൽ മറ്റു ചിലർക്ക് നിസംഗതയാണുള്ളത്. ലഹരിക്കേസിൽ പിടികൂടി അകത്താക്കുമ്പോൾ മക്കളുടെ പഠനം, സഹോദരിയുടെ വിവാഹം എന്നെല്ലാം പറഞ്ഞ് കരയുന്ന മാതാപിതാക്കളുണ്ട്. തെളിവുകളോടെ പിടിക്കപ്പെടുമ്പോൾ അവരെ അറസ്റ്റു ചെയ്യാതെ പൊലീസിനും എക്സൈസിനും നിവർത്തിയില്ലെന്നു വരുന്നു. കഴിഞ്ഞ ദിവസം പനങ്ങാട് വച്ച് പൊലീസ് പിടികൂടിയ എംഡിഎംഎ ലഹരി സംഘത്തിലെ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിന്റെ പേര് ‘തലതെറിച്ചവർ’. ഇവരിൽ എല്ലാവരും തന്നെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവരാണ്.

മക്കളെ അറസ്റ്റ് ചെയ്യാനെത്തുമ്പോൾ നിസംഗതയോടെ പെരുമാറുന്ന മാതാപിതാക്കളുണ്ട്. ‘നിങ്ങൾക്ക് അവനെ നന്നാക്കാമെങ്കിൽ കൊണ്ടു പൊയ്ക്കോ’ എന്നു പറയുന്നവർ. ലഹരി ഉപയോഗിച്ച് വീട്ടിൽ ഇവർ നിത്യശല്യക്കാരായി മാറുന്നതാണ് ഇതിനു കാരണം. അസമയത്തെല്ലാം കൂട്ടുകാർ വീട്ടിലെത്തുന്നത് ചോദിച്ചാൽ ആക്രമിക്കാനും മുതിരുന്ന മക്കൾ. പലർക്കും പ്രതികരിക്കാനാവാത്ത സാഹചര്യമാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലാകുന്നവരെല്ലാം 18 വയസ് മുതൽ 25 വയസു വരെ മാത്രം പ്രായമുള്ളവരാണ്.

കൊച്ചിയുടെ തെക്കൻ മേഖലകളിൽ ലഹരി ഉപയോഗം കൂടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. അരൂർ, ചേർത്തല, പൂച്ചാക്കൽ, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിൽ എംഡിഎംഎ വിതരണം നടക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയുമായി മൂന്നു പേർ വലയിലായതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.

െബംഗളൂരുവിൽ നിന്ന് ഇടനിലക്കാർ വഴിയെത്തുന്ന രാസലഹരിക്ക് ഇവിടെ ആവശ്യക്കാർ ഏറി വരികയാണ്. ലോക്ഡൗൺ പിൻവലിക്കപ്പെട്ടതോടെ യുവാക്കളുടെ ആഘോഷങ്ങളും ഒത്തുചേരലുകളും പതിവായി. കൂടുതൽ പേരെ ലഹരി സംഘത്തിൽ കണ്ണികളാക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോമോൻ, എടപ്പാളിൽ എത്തി അവിടെ നിന്ന് െബംഗളൂരുവുമായി ബന്ധമുള്ള ആളിൽ നിന്ന് ലഹരി മരുന്നു വാങ്ങി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലൂടെ നടത്തിയ ഇവരുടെ ഇടപാടുകൾ ഇതിനകം പൊലീസ് കണ്ടെത്തിക്കഴിഞ്ഞു.

Related Articles

Back to top button