IndiaLatest

അഞ്ചുജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടി മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോരാട്ടം കടുപ്പിക്കുകയാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. കൊവിഡ് ആശങ്കക്കിടയിലും പ്രചാരണത്തിന്റെ ആവേശം ഒട്ടും ചോരാതിരിക്കാന്‍ മുന്നണികള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിയിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങി അഞ്ചുജില്ലകളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ഇവിടങ്ങളില്‍ ഓരോവോട്ടും ഉറപ്പിക്കുന്നതിനുളള അവസാന വട്ട ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ഇന്ന് ആറുമണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി.

കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി കലാശക്കൊട്ടിന് വിലക്കുണ്ട്. ജാഥകളോ ആള്‍ക്കൂട്ട പരിപാടികളോ ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാകും നടപടി. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്ന് പ്രചാരണത്തിനെത്തിയ പ്രവര്‍ത്തകരും നേതാക്കളും വാര്‍ഡിന് പുറത്തുപോകണം. എന്നാല്‍, സ്ഥാനാര്‍ത്ഥിയോ ഏജന്റോ വാര്‍ഡിന് പുറത്തുനിന്നുളളവരാണെങ്കില്‍ വാര്‍ഡില്‍ തുടരുന്നതിന് തടസമില്ല. ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കാരിനിരിക്കെ പതിനെട്ടടവും പയറ്റി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളം വിമതരും സ്വതന്ത്രരുമെല്ലാം. കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോരില്‍ ആവേശം നിറച്ചു തന്നെയാണ് മുന്നണികള്‍ സെമിഫൈനലിന്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.

Related Articles

Back to top button