പെണ് സുഹൃത്ത് കൊക്കയിലേക്ക് വീണതുകണ്ട് യുവാവ് ആത്മഹത്യ ചെയ്തു
കട്ടപ്പന: നാടുകാണി പവലിയന് സമീപം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി സഹോദരി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) എം.എച്ച്.ജോസഫി(സാബു)ന്റെ മകന് അലക്സാ(23)ണ് മരിച്ചത്.അലക്സിനൊപ്പം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ നാടുകാണി പവലിയനില്‍നിന്ന് 250 അടി താഴ്ചയില്‍നിന്ന് കണ്ടെത്തി. 26 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി അവശനിലയില്‍ കിടന്നതിന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാടുകാണി പവലിയനിലെ പാറക്കെട്ടില്‍ ഇരുന്ന സംസാരിക്കുമ്ബോള്‍ പെണ്‍കുട്ടി താഴെ വീഴുകയായിരുന്നു. 250 അടി താഴ്ചയിലേക്കു വീണ പെണ്‍കുട്ടിയെ അന്വേഷിച്ച് താഴേക്കു ഇറങ്ങിയ യുവാവ് ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടി കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി മരിച്ചതാകാമെന്ന് തെറ്റിദ്ധരിച്ച് സമീപത്തെ മരക്കൊമ്ബില്‍ സ്വന്തം ജീന്‍സ് ഉപയോഗിച്ച് അലക്സ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.