International

ടിക് ടോക്കിന് നാലാം തവണയും നിരോധനമേർപ്പെടുത്തി പാകിസ്താൻ

“Manju”

ഇസ്ലാമാബാദ് : ചൈനീസ് ആപ്പായ ടിക് ടോക്കിന് വീണ്ടും നിരോധനമേർപ്പെടുത്തി പാകിസ്താൻ. അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ആപ്പിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പാക് ഭരണകൂടം നടപടി സ്വീകരിച്ചത്. ഇത് നാലാം തവണയാണ് രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുന്നത്.

അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് നേരത്തെയും ടിക് ടോക്കിന് രാജ്യം വിലക്കേർപ്പെടുത്തിയിരുന്നു. ചൈനീസ് ഭരണകൂടം ഇതിനെതിരേ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പാകിസ്താൻ നിരോധിച്ചത്. എന്നാൽ പാക് ഭരണകൂടവുമായുള്ള നിയമ യുദ്ധങ്ങൾക്ക് ശേഷം ചൈന ഉപയോഗത്തിന് അനുമതി നേടിയെടുക്കുകയായിരുന്നു. പാകിസ്താനിലെ തീവ്ര മുസ്ലീം അനുഭാവികളാണ് ആപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പാകിസ്താനിൽ ലക്ഷക്കണക്കിന് ആളുകളാണ് ടിക് ടോക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രചരിക്കുന്ന അശ്ലീല സന്ദേശങ്ങൾ ജനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് ഭരണകൂടം വീഡിയോകൾ നീക്കം ചെയ്യാൻ കമ്പനിയോട് ആവശ്യപ്പെടുന്നത്. ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് മൂന്ന് മാസത്തിനിടെ 60 ലക്ഷം വീഡിയോകളാണ് ആപ്പ് നീക്കം ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബിനോടും പാകിസ്താൻ വീഡിയോകൾ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ രാജ്യത്ത് ഡേറ്റിംഗ് ആപ്പുകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button