AlappuzhaKeralaLatest

ചെങ്ങന്നൂർ മിനി വൈദ്യുതി ഭവൻ ഉദ്ഘാടനം വ്യാഴാഴ്ച്ച മന്ത്രി എം എം മണി നിർവ്വഹിക്കും

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വൈദ്യുതി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ദീർഘനാളത്തെ ആവശ്യമായിരുന്ന മിനി വൈദ്യുതി ഭവൻ യാഥാർത്ഥ്യമാകുന്നു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് ചെങ്ങന്നൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പു മന്ത്രി എം. എം.മണി കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷനാകും.കൊടിക്കുന്നിൽ സുരേഷ് എം. പി.മുഖ്യ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ ആർഡിഒ ഓഫീസിനു സമീപം, 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലായിരുന്നു കെഎസ്ഇബി ചെങ്ങന്നൂർ സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും പ്രവർത്തിച്ചു വന്നിരുന്നത്. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ്റ്റ് സ്റ്റേഷനു പുറകുവശത്തുള്ള വാടക കെട്ടിടത്തിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന
ഡിവിഷൻ ഓഫീസിന് മാസം 40,000 രൂപയോളം വാടക നൽകുന്നു. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സെക്ഷൻ ഓഫീസിൽ ജീവനക്കാർക്കോ ഉപഭോക്താക്കൾക്കോ ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ക്രമീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തിരക്കുകൂടിയ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ ക്യൂ കെട്ടിടത്തിനു പുറത്തേക്കും നീളുന്നത് പതിവു കാഴ്ച്ചയായിരുന്നു. ജീവനക്കാരുടെ വാഹനങ്ങളും അറ്റകുറ്റ പണിക്കുള്ള ഉപകരണങ്ങളും ഓഫീസ് വളപ്പിൽ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

രാത്രി കാലങ്ങളിൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ സൗകര്യങ്ങളും പരിമിതമാണ്.ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പരാതിയെ തുടർന്ന് സജി ചെറിയാൻ എംഎൽഎ വൈദ്യുതി മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ കെട്ടിട സമുച്ചയത്തിന് അനുമതി ലഭിച്ചത്.രണ്ടു കോടി 17 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം . പഴയ കെട്ടിടം നിലനിന്നിരുന്ന 24 സെൻ്റ് ഭൂമിയിൽ, മൂന്നു നിലയിൽ 7500 ചതുരശ്രയടി വിസ്തീർണത്തിൽ പുതിയകെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.നിർമ്മാണ തുകയിൽ ഒരു കോടി രൂപ, തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സജി ചെറിയാൻ എംഎൽഎ നൽകും. സെക്ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കും. ഔദ്യോഗിക കാര്യങ്ങൾക്ക് ഇത് കൂടുതൽ ഗുണകരമാകുന്നതോടൊപ്പം വാടകയിനത്തിൽ നൽകുന്ന ഭാരിച്ച തുകയും ഒഴിവാകും. ഉപഭോക്താക്കൾക്കു കസ്റ്റമർ കെയർ സെൻ്റർ ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ജീവനക്കാർക്ക് വിശ്രമമുറി ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ തയ്യാറാക്കും. വനിതാ ജീവനക്കാർക്കായി പ്രത്യേകം വിശ്രമമുറിയും കോൺഫ്രൻസ് ഹാളും ഉണ്ട്.കൂടാതെ വിശാലമായ സ്റ്റോർ മുറിയും വാഹന പാർക്കിംഗ് സൗകര്യവും ഉണ്ടാകും. ഒന്നര വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാകുമെന്നും മുളക്കുഴ പ്രഭുറാം മിൽസ് വളപ്പിലും കൊല്ലകടവിലും 110 കെവി സബ് സ്റ്റേഷനുകൾ അടിയന്തരിമായി സ്ഥാപിക്കുന്നതോടൊപ്പം മാന്നാറിൽ നിലവിലുള്ള 33 കെ വി സബ് സ്റ്റേഷൻ 110 കെവി ആയി ഉയർത്തുമെന്നും സജി ചെറിയാൻ എംഎൽഎ പറഞ്ഞു

Related Articles

Back to top button