India

അജിത് ഡോവല്‍ നയിക്കും; ഇന്ത്യ- ഫ്രാൻസ് നയതന്ത്ര ചർച്ച വ്യാഴാഴ്ച്ച

“Manju”

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ചർച്ച വ്യാഴാഴ്ച്ച നടക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രാൻസിന്റെ പ്രതിനിധിയായി ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകനായ ഇമ്മാനുവൽ ബോണിയുമാണ് ചർച്ചയിൽ പങ്കെടുക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തലത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്യും. 2020 ഫെബ്രുവരിയിൽ പാരീസിൽ വെച്ചാണ് ഫ്രാൻസും ഇന്ത്യയും തമ്മിൽ അവസാനമായി നയതന്ത്ര കൂടിക്കാഴ്ച്ച നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ നിലപാടിനെ ഫ്രാൻസ് സ്വാഗതം ചെയ്തതിന് ശേഷമാണ് കൂടിക്കാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.

ഭീകരതയ്‌ക്കെതിരെ പോരാടാനും ബഹുരാഷ്ട്രവാദത്തെ പ്രതിരോധിക്കുന്നതിനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനിൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെ കൂടുതൽ ശക്തമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 7 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ അന്തരീക്ഷം, നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളെ കുറിച്ചാണ് ഇരു നേതാക്കളും ചർച്ച ചെയ്തത്.

Related Articles

Back to top button