IndiaLatest

കനത്ത ജാഗ്രതയിൽ സൈന്യം

“Manju”

ന്യൂഡൽഹി • ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന അതീവ ജാഗ്രതയിൽ. ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോറിലെ സൈനികരെക്കൂടി നിയന്ത്രണ രേഖയിലേക്കു നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫിനു കൂട്ടായും കരസേന നിലയുറപ്പിക്കും.

വെള്ളിയാഴ്ച ഇന്ത്യ പ്രത്യാക്രമണത്തിൽ 11 പാക്ക് സൈനികരെ വധിച്ചിരുന്നു. ഇന്ത്യയുടെ 5 സൈനികർ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിൽ ഇന്നലെ സ്ഥിതി ശാന്തമായിരുന്നുവെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാൻ ഇനിയും പ്രകോപനത്തിനു മുതിർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം.

മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ ഇന്ത്യയിലേക്കു കടത്താൻ ശ്രമിക്കുന്ന പാക്ക് സേന വരുംദിവസങ്ങളിലും ഷെല്ലാക്രമണം നടത്തുമെന്നാണു കരുതുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ സമീപഗ്രാമങ്ങളിലുള്ളവരെ മാറ്റാൻ നടപടിയാരംഭിച്ചു. അതിർത്തിക്കു സമീപം സേന നിർമിച്ചിട്ടുള്ള ഭൂഗർഭ അറകളിലേക്കും ജനങ്ങളെ മാറ്റിയിട്ടുണ്ട്.

വെള്ളിയാഴ്ച പാക്ക് സേനയുടെ ആക്രമണത്തിൽ മരിച്ച സൈനികരുടെ പേരുകൾ കരസേന ഇന്നലെ പുറത്തുവിട്ടു: സിപോയ് ജെ.ഋഷികേശ് രാമചന്ദ്ര, നായിക് എസ്.ബി.രമേശ് റാവു, ഹവീൽദാർ ഹർധൻ ചന്ദ്ര റോയ്, ഗണ്ണർ സുബോധ് ഘോഷ് ബിഎസ്എഫ് എസ്ഐ രാകേഷ് ദോഭൽ എന്നിവരാണു മരിച്ചത്.

Related Articles

Back to top button