KeralaLatest

ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ്, യുവാവ് ജീവനൊടുക്കി.

“Manju”

കൊല്ലം : കുണ്ടറയില്‍ തീപ്പൊളളലേറ്റ് യുവാവ് മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മരിച്ച സിനില്‍കുമാറിന്റെ ഓട്ടോറിക്ഷയുടെ, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് ഇടപെടാതിരുന്നത് കാര്യങ്ങൾ വഷളാക്കിയെന്നും കുടുംബം ആരോപിച്ചു.
ഭാര്യയെയും മൂന്ന് ചെറിയ മക്കളെയും അനാഥരാക്കിയാണ് മുളവന സ്വദേശി സിനില്‍കുമാര്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ജീവിക്കാനായി സനില്‍ ഒരു ഓട്ടോറിക്ഷ വാങ്ങിയിരുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ കുടിശികയായി. ഒടുവില്‍ ഓട്ടോ വിറ്റു. ബാക്കിയുള്ള വായ്പ വാങ്ങുന്നയാള്‍ അടയ്ക്കണം എന്ന വ്യവസ്ഥയിലായിരുന്നു വില്‍പന.
എന്നാല്‍ വണ്ടിയുടെ ഉടമസ്ഥ അവകാശം സിനില്‍ മാറ്റിയിരുന്നില്ല. മാസങ്ങള്‍ക്കുള്ളില്‍ ഓട്ടോ പല കൈ മറിഞ്ഞു. വായ്പയുടെ ബാധ്യത സിനിലിന്റെ പേരിലുമായി. പരാതിയുമായി പലതവണ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വീട്ടുകാര്‍ കേട്ടത് ഓട്ടോറിക്ഷ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നയാളുടെ വീടിന് സമീപം സിനില്‍ പൊളളലേറ്റു കിടക്കുന്നു എന്നാണ്.
ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രശ്നത്തില്‍ ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button