LatestThiruvananthapuram

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് നല്‍കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തര ഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടുമെന്നും ജില്ലകളിലേയ്ക്ക് ടെലി വെറ്റിനറി യൂണിറ്റ് വാഹനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും മൃഗ സംരക്ഷണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷീരമൃഗ സംരക്ഷണ മേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നുണ്ട്. കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും ഇതിനായി കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ചോളം, സോയാബീന്‍ എന്നിവ സംസ്ഥാനത്ത് കൃഷി ചെയ്യുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പാലിന്റെ വില വര്‍ധിപ്പിക്കാതെ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് മൃഗങ്ങള്‍ക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സര്‍ക്കാരും മൃഗ സംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

മൃഗങ്ങള്‍ക്കുളള പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പുതുതായി 50 വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം വിനിയോഗിച്ച്‌ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ സമഗ്ര മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ക്ഷീര കര്‍ഷകര്‍ക്ക് ഒപ്പം സര്‍ക്കാര്‍ എക്കാലവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button