India

അസമിൽ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചു; 24 പേർ അറസ്റ്റിൽ

“Manju”

ഗുവാഹട്ടി : അസമിൽ ഡോക്ടറെ ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ചു. ഉദലിയിലെ കൊറോണ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ സെജു കുമാർ സേനാപതിയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന രോഗി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇത് ഡോക്ടറുടെ പിഴവാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകീട്ടോടെയായിരുന്നു രോഗി മരണപ്പെട്ടത്. തുടർന്ന് വിവരം ബന്ധുവിനെ അറിയിച്ചു. ഇയാൾ അറിയിച്ചതിനെ തുടർന്ന് കൂട്ടമായി എത്തിയ ബന്ധുക്കളും അയൽക്കാരും ചേർന്നാണ് ഡോക്ടറെ മർദ്ദിച്ചത്. അക്രമികളെ ആശുപത്രി ജീവനക്കാർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രോഗികളിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊറോണ പ്രതിരോധ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button