IndiaKeralaLatest

വനിത ക്രിക്കറ്റിലെ ‘സച്ചിൻ തെണ്ടുല്‍കറും’ പാഡഴിക്കുന്നു

“Manju”

ന്യൂഡല്‍ഹി : 2022 ലോക കപ്പോടെ 23 വര്‍ഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖമുദ്രയായ മിതാലി രാജ്. കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹിയില്‍ നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് വനിതാ ക്രികെറ്റിലെ ‘സചിന്‍ തെണ്ടുല്‍കര്‍’ വിരമിക്കല്‍ സംബന്ധിച്ചുള്ള സൂചന നല്‍കിയത്.
ലോകകപ്പിന് അധികം സമയമില്ലെന്നും അതിനു മുമ്പേ ലഭിക്കുന്ന ഇംഗ്ലന്‍ഡ്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ പര്യടനങ്ങളും ഇന്ത്യയില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയും മികച്ചൊരു ലോകകപ്പ് സ്‌ക്വാഡിനെ രൂപീകരിക്കാനായി ഉപയോഗിക്കുമെന്നും ഇന്ത്യന്‍ നായിക വ്യക്തമാക്കി.
‘രാജ്യാന്തര ക്രിക്കറ്റില്‍ 22 വര്‍ഷം പൂര്‍ത്തിയാകുന്നു. നിര്‍ത്താന്‍ സമയമായെന്നു എനിക്കറിയാം. ഏറെ വൈകില്ല. 2022 ലോകകപ്പോടെ തിരശീലയിടും’- മിതാലി പറഞ്ഞു. നമ്മള്‍ പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ ഫിറ്റ്നെസ് നിലനിര്‍ത്തുക പ്രയാസമാണെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ‘ഓരോ ദിവസവും പ്രായമേറുന്നതല്ലാതെ കുറയുന്നില്ല. ഫിറ്റ്നസ് നിര്‍ണായകമാണ്. അതാണ് തീരുമാനത്തിനു പിന്നില്‍’- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ 214 മത്സരങ്ങളില്‍ നിന്ന് 7098 റണ്‍സ് നേടിയ മിതാലി വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോർഡിനും ഉടമയാണ്. ഏഴു സെഞ്ചുറികളും 55 അര്‍ധസെഞ്ചുറികളും സ്വന്തം പേരിലുണ്ട്.
10 ടെസ്റ്റുകളും 89 ട്വന്റി 20കളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ അവര്‍ യഥാക്രമം 663 റണ്‍സും 2364 റണ്‍സും കുറിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 214 ഉം ഏകദിനത്തില്‍ 125 നോടൗടും ടി20-ല്‍ 97 നോട്ടൗട്ടുമാണ് ഉയര്‍ന്ന സ്‌കോറുകള്‍.
38-കാരിയായ മിതാലി 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരേയാണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ മിതാലി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.

Related Articles

Back to top button