IndiaLatest

അനുപമ വിളിച്ചു, ഐയ്ഡന്‍…

“Manju”

തിരുവനന്തപുരം: കുടുംബ കോടതിയുടെ അടിയന്തര ഇടപെടലിലൂടെ കുഞ്ഞിനെ മാറോടണച്ചപ്പോള്‍ അവന് ചെറു ചുംബനം നല്‍കി അനുപമ വിളിച്ചു, ഐയ്ഡന്‍ (ഐറിഷില്‍ ‘ജ്വാല” എന്നര്‍ത്ഥം).
കുടുംബകോടതി ജഡ്ജി ബിജു മേനോന്റെ ചേംബറിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡി.എന്‍.എ ഫലം അനുകൂലമായതോടെ അനുപമയും ഭര്‍ത്താവ് അജിത്തും കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സി. ഇന്ദുലേഖ മുഖേന അഡ്വാന്‍സ് പെറ്റീഷന്‍ നല്‍കിയിരുന്നു. ചൈല്‍‌ഡ് വെല്‍ഫയര്‍ കമ്മിറ്രി (സി.ഡബ്ലിയു.സി),​ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ. ഹക്കീം മുഖാന്തിരം ഇന്നലെ ഉച്ചയ്ക്ക് 12ന് ഡി.എന്‍.എ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് 30ന് പരിഗണിക്കാനിരുന്ന കേസ് ഇന്നലെ കോടതി പരിഗണിച്ചു.
ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച കോടതി നടപടികള്‍ ഒന്നര മണിക്കൂര്‍ നീണ്ടു. അതിന് മുമ്പ്  കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്ന് കുഞ്ഞിനെ കോടതിയിലെത്തിച്ചിരുന്നു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോടും ശിശുക്ഷേമ സമിതിയോടും കുഞ്ഞിനെ അനുപമയ്ക്ക് വിട്ടു നല്‍കുന്ന കാര്യത്തിലെ നിലപാട് രേഖാമൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. സമ്മതമാണെന്ന റിപ്പോര്‍ട്ട് സി.ഡബ്ലിയു.സി അദ്ധ്യക്ഷ അഡ്വ. എന്‍. സുനന്ദ ഹാജരാക്കി. കുഞ്ഞിനെ കോടതി മുഖാന്തിരം കോടതിയില്‍ വച്ച്‌ കൈമാറണമെന്ന ആവശ്യം സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചു. അനുപമയെ വിളിച്ചു വരുത്തി തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷം കുഞ്ഞിനെ കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കി. ഡി.എന്‍.എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button