InternationalLatest

യുഎസ് പ്രസിഡന്റായത് വലിയ ബഹുമതി; ട്രംപ്

“Manju”

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് എന്ന നിലയിൽ അവസാന പ്രസംഗം നടത്തി ഡൊണാൾഡ് ട്രംപും പത്‌നി മെലാനിയ ട്രംപും വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങി. അമേരിക്കയുടെ പ്രസിഡന്റായത് വലിയ ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു. തന്റെ പിൻഗാമികളായി വരുന്ന ഭരണകർത്താക്കൾക്ക് വിജയാശംസകൾ നേരാനും ട്രംപ് മറന്നില്ല. പക്ഷെ ജോ ബൈഡന്റെയോ കമലാ ഹാരിസിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു ആശംസ.

കൊറോണ വൈറസ് അമേരിക്കയെ വലിയ രീതിയിൽ ബാധിച്ചതായും ട്രംപ് തുറന്ന് സമ്മതിച്ചു. ഭീകരമായിരുന്നു കൊറോണ വൈറസ്. അതിന്റെ ഇരകളാകേണ്ടി വന്ന കുടുംബങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നു. വൈറസിനെ നേരിടാൻ ആരോഗ്യ അത്ഭുതമായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. അതായിരുന്നു വാക്‌സിൻ. കൊറോണ ഒരു ചൈന വൈറസ് ആണെന്ന് ആവർത്തിക്കാനും ട്രംപ് മറന്നില്ല. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അനുയായികളെ ട്രംപ് ആവേശത്തിലാക്കുകയും ചെയ്തു. മികച്ച നാല് വർഷമാണ് പൂർത്തിയായത്. നിരവധി നേട്ടങ്ങൾ സ്വന്തമാക്കാനായി, ട്രംപ് പറഞ്ഞു.

മേരിലാൻഡിലെ ആൻഡ്രൂസ് വ്യോമതാവളത്തിൽ യുഎസ് സൈനികരെയും ട്രംപ് അഭിസംബോധന ചെയ്തു. തന്റെ ഭരണകാലത്ത് സൈനികർക്കായി ചെയ്ത കാര്യങ്ങൾ ഏത് തലത്തിലും വിസ്മയിപ്പിക്കുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് വട്ടം ഇംപീച്ച്‌മെന്റിന് വിധേയനായ പ്രസിഡന്റെന്ന പേരുമായിട്ടാണ് ട്രംപ് പടിയിറങ്ങുന്നത്.

ഫ്‌ളോറിഡയിലെ പാം ബീച്ചിലെ തന്റെ റിസോർട്ടിലായിരിക്കും ട്രംപ് ഇനി ചിലവഴിക്കുകയെന്നാണ് വിവരം. ജോ ബൈഡന്റെ സത്യപ്രതിജ്ഞാചടങ്ങിൽ നിന്ന് ട്രംപ് വിട്ടുനിൽക്കുമെന്ന് നേരത്തെ അഭ്യൂഹം പുറത്തുവന്നിരുന്നു.

Related Articles

Back to top button