KeralaLatestThiruvananthapuram

പാലായുടെ കാര്യത്തില്‍ മയപ്പെടുത്തലില്ല !

“Manju”

കൊച്ചി: പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി എന്‍സിപി കേന്ദ്രങ്ങള്‍. ഇന്നത്തെ ഇടതു മുന്നണി യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ പ്രതികരണങ്ങളെ തുടര്‍ന്ന് പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപി പിടിവാശി ഉപേക്ഷിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് എന്‍സിപിയുടെ ഉന്നത കേന്ദ്രങ്ങള്‍.
മാത്രമല്ല ഒന്നാം തീയതി ഡല്‍ഹിയില്‍ ശരത് പവാറിന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം നിലപാട് പ്രഖ്യാപിക്കുമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. മാണി സി കാപ്പനെയും മന്ത്രി എകെ ശശീന്ദ്രനെയും ടിപി പീതാംബരന്‍ മാസ്റ്ററെയുമാണ് പവാര്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. അതിനു മുമ്പ് സിപിഎം, സിപിഐ കക്ഷികളുടെ ദേശീയ നേതാക്കളുമായി പവാര്‍ ആശയവിനിമയം നടത്തും. എന്തായാലും പാലാ സീറ്റ് വിട്ടുനല്‍കിക്കൊണ്ടുള്ള ചര്‍ച്ചയ്ക്ക് പവാറും ഒരുക്കമല്ല. അഥവാ പവാറും എകെ ശശീന്ദ്രന്‍ പക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാലും മാണി സി കാപ്പന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. അദ്ദേഹം പിജെ ജോസഫിനൊപ്പം ചേര്‍ന്നായാലും പാലായില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ഒന്നാം തീയതിയിലെ ഡല്‍ഹി ചര്‍ച്ചയോടെ എന്‍സിപി ഇടതുമുന്നണി വിടാനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എകെ ശശീന്ദ്രന്‍ വിഭാഗം ഇടതുമുന്നണിയില്‍ തുടരാനും തീരുമാനിച്ചു. അതോടെ എന്‍സിപി പിളരും. കാപ്പന്‍ വിഭാഗം യുഡിഎഫിലെത്താനാണ് എല്ലാ സാധ്യതയും.

Related Articles

Back to top button