KeralaLatest

നൂതന പദ്ധതികള്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള അവസരമാക്കണം; മുഖ്യമന്ത്രി

“Manju”

Image result for മുഖ്യമന്ത്രി

ശ്രീജ.എസ്

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള അവസരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമത്തെ വാക് വേ നവീകരണ പദ്ധതി, അഷ്ടമുടി ക്രാഫ്റ്റ് വില്ലേജ്, കൊട്ടാരക്കരയിലെ മീന്‍പിടിപ്പാറ ടൂറിസം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കലാരൂപങ്ങള്‍, കൃഷി രീതികള്‍, പരമ്പരാഗത കരകൗശല രംഗം, രുചി വൈവിധ്യം തുടങ്ങിയ കേരളീയ പൈതൃകങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അവതരിപ്പിക്കണം. ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കിയതു വഴി പ്രദേശവാസികളായ ജനങ്ങള്‍ക്ക് പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമായി. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചു വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ പുതിയ പദ്ധതികള്‍ക്ക് സാധിക്കും – മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ഭദ്രതയോടൊപ്പം തൊഴിലവസരങ്ങളും സുസ്ഥിരമായ സാമൂഹിക വികസനവും വിനോദസഞ്ചാര മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംരംഭകരുടേയും പ്രദേശവാസികളുടേയും പങ്കാളിത്തവും പ്രയത്‌നവുമാണ് മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ്രാമത്ത് നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനായി.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ 1.50 കോടി രൂപ ചെലവഴിച്ചാണ് ആശ്രാമം കേന്ദ്രീകരിച്ച്‌ വാക്ക് വേ നവീകരണ പദ്ധതി പൂര്‍ത്തിയായത്. നടപ്പാത, കൊല്ലത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന എട്ട് ശില്പങ്ങള്‍, പാതയോരത്തെ ഇരിപ്പിടങ്ങള്‍, മണ്ഡപത്തിന്റേയും ശുചിമുറികളുടെയും പുനരുദ്ധാരണം, കുഴല്‍ കിണര്‍ നിര്‍മ്മാണം എന്നിവയാണ് പൂര്‍ത്തിയായത്.

തനത് ശൈലിയില്‍ വിവിധ കരകൗശലവസ്തുക്കള്‍ ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനശാലയും വില്‍പ്പനയ്ക്കായി സെയില്‍സ് കൗണ്ടറും കഫ്റ്റീരിയയും ബോട്ട് ജെട്ടിക്ക് കൈവരിയുമാണ് അഷ്ടമുടി വില്ലേജ് ക്രാഫ്റ്റ് മ്യൂസിയത്തില്‍ ഒരുക്കിയത്. 49.3 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായ ഈ പദ്ധതിയിലൂടെ സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതം നേരിട്ട് അറിയാനുള്ള അവസരമൊരുങ്ങും

1.47 കോടി രൂപ വിനിയോഗിച്ച്‌ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപമാണ് മീന്‍പിടിപ്പാറ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രയാണ് പദ്ധതി തയ്യാറാക്കിയത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, സഞ്ചാരികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, കല്ലുപാകിയ നടപ്പാത, സംരക്ഷണ വേലി, പുല്‍ത്തകിടി, റെയിന്‍ ഷെല്‍ട്ടര്‍, വ്യൂ ഡെക്ക്, ടോയ്‌ലറ്റ് സംവിധാനം, കഫെറ്റേരിയ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. പുലമണ്‍ തോടിന് കുറുകെ നടപ്പാലവുമൊരുക്കി. വിവിധ ഇടങ്ങളിലായി ആകര്‍ഷകങ്ങളായ ശില്പങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 46 ലക്ഷം രൂപ ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തികളുടെയും മറ്റും നിര്‍മ്മാണം നടത്തി. രണ്ടാംഘട്ടത്തില്‍ 1.47കോടി രൂപ അനുവദിച്ച്‌ പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു.

Related Articles

Back to top button