International

ട്രംപിന്റെ പടുകൂറ്റൻ ഹോട്ടൽ തകർത്തു

“Manju”

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള പടുകൂറ്റൻ ഹോട്ടലും കാസിനോയും തകർത്തു. വെറും 20 സെക്കൻഡ് മാത്രമാണ് 34 നിലകളുള്ള ഹോട്ടൽ തകർക്കാൻ ആവശ്യമായി വന്നത്. കാലപ്പഴക്കം ചെന്നതിനെ തുടർന്നാണ് തകർത്തത്.

നിശ്ചിത ഇടവേളകളിൽ ഡൈനാമിറ്റുകൾ ഒന്നൊന്നായി പൊട്ടിയപ്പോൾ ന്യൂജേഴ്‌സിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ തലയുയർത്തി നിന്നിരുന്ന കെട്ടിടം നിമിഷ നേരം കൊണ്ട് തകർന്നടിയുകയായിരുന്നു. 3000 ഡൈനാമിറ്റുകളാണ് തകർക്കാൻ ഉപയോഗിച്ചത്. തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കൊന്നും തന്നെ ഒരു കേടുപാടുകളും സംഭവിച്ചില്ല. നൂറ് കണക്കിന് പേരാണ് ഇത് കാണാനായി പ്രദേശത്തെത്തിയത്.

1984ലാണ് ഹോട്ടലും കാസിനോയും പ്രവർത്തനം ആരംഭിക്കുന്നത്. ഏറെ നാൾ പ്രമുഖർ പാർട്ടികളും മറ്റും നടത്തുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്. എന്നാൽ കാലം മാറിയതോടെ ഹോട്ടലിന്റെ ആർഭാടവും കുറഞ്ഞു. സെലിബ്രിറ്റികൾ ഹോട്ടൽ ഉപേക്ഷിച്ചു. 2009ൽ ട്രംപും കാസിനോയുമായുള്ള ബന്ധം ഉപേക്ഷിച്ചു. 2014ൽ ഹോട്ടൽ പൂട്ടുകയും ചെയ്തു.

പഴക്കം സംഭവിച്ചതോടെ ഇടയ്ക്കിടയ്ക്ക് ഹോട്ടലിന്റെ പലഭാഗങ്ങളും തകരാനും തുടങ്ങി. ഇതോടെയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Related Articles

Back to top button