KeralaLatest

താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി മരവിപ്പിച്ചു

“Manju”

കൊച്ചി: താല്‍ക്കാലിക ജീവനക്കാരുടെ തുടര്‍ സ്ഥിരപ്പെടുത്തലുകള്‍ ഹൈക്കോടതി മരവിപ്പിച്ചു. സ്ഥിരപ്പെടുത്തിയ തസ്‌തികകളില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ 10 വര്‍ഷമായി ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകള്‍ ചോദ്യം ചെയ്ത് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനു വേണ്ടി എസ്.വിഷ്‌ണു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. വിവിധ വകുപ്പുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സിഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമ്മിഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമ്മിഷന്‍, സ്കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി. അതേസമയം, പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണ് സ്ഥിരപ്പെടുത്തലുകളെന്നും മാനുഷിക പരിഗണന മാത്രമാണ് സ്ഥിരപ്പെടുത്തല്‍ നടപടിക്ക് കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. വഴിവിട്ട രീതിയില്‍ ഒരു നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Related Articles

Back to top button