IndiaLatest

താജ്മഹല്‍ ബോംബ് ഭീഷണി തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു; ഭീഷണി വ്യാജം

“Manju”

ആഗ്ര: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. അതേസമയം, പ്രണയ സ്മാരകമായി നിലകൊള്ളുന്ന ഈ കുടീരം വ്യാഴാഴ്ച താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഇത്. അതേസമയം, ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

ഉത്തര്‍ പ്രദേശ് പൊലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി ഫോണ്‍ കോള്‍ എത്തിയത്. ഭീഷണി ഫോണ്‍ വന്നതിനെ തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ താജ്മഹലില്‍ തിരച്ചില്‍ ആരംഭിച്ചു. താജ്മഹലിന് ഉള്ളില്‍ ചില സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ച ആള്‍ പൊലീസിനോട് പറയുകയായിരുന്നു. താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്‌എഫും ഉടന്‍ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചില്‍ നടത്തി.

രാവിലെ 11 മണി കഴിഞ്ഞ സമയത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചപ്പോള്‍ തന്നെ സി ഐ എസ് എഫിനെ വിവരം അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ സന്ദര്‍ശകരോട് താജ്മഹല്‍ പരിസരത്ത് നിന്ന് പുറത്തു പോകാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ വിശദമായ പരിശോധന നടത്തി. അതേസമയം, വിശദമായ പരിശോധന നടത്തിയെങ്കിലും താജ്മഹലിന് ഉള്ളില്‍ നിന്നോ പരിസരത്ത് നിന്നോ ബോംബ് കണ്ടെത്തിയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് വ്യാജ ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ന് രാവിലെ അജ്ഞാതനായ ഒരാള്‍ യു പി പൊലീസിന്റെ 112 എന്ന നമ്പറില്‍ വിളിച്ച്‌ താജ്മഹലില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് പറഞ്ഞു. സന്ദേശം ലഭിച്ച ഉടന്‍ തന്നെ ബോംബ് സ്ക്വാഡും മറ്റ് ടീമുകളും പരിസരത്ത് വിശദമായ പരിശോധന നടത്തി. എന്നാല്‍, ഇതുവരെ അത്തരമൊരു വസ്തു കണ്ടെത്തിയതായി വിവരം ഒന്നും ലഭിച്ചിട്ടില്ല‘ – ആഗ്ര ഇന്‍സ്പെക്ടര്‍ ജനറല്‍ എ സതിഷ് ഗണേഷ് പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആറു മാസത്തോളം അടച്ചിട്ട താജ്മഹല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടു കൂടി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് വീണ്ടും തുറന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17ന് ആയിരുന്നു താജ് മഹല്‍ അടച്ചത്.

Related Articles

Back to top button