KeralaLatest

ലോകത്തിന് ശാന്തിപകരാൻ കഴിയുന്നതാണ് ആത്മീയത – ഡോ.ബി.ജയപ്രകാശ്.

“Manju”

പോത്തൻകോട് : ലോകത്തിന് ശാന്തിപകരാനും, അശാന്തിയില്‍ ആശ്വാസേമേകാനും ആത്മീയതയ്ക്കു മാത്രമേ കഴിയുമെന്നും, ആത്മീയ ആചാര്യന്മാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ സമൂഹത്തിന്റെ പരിവര്‍ത്തനം സംഭവിക്കുമെന്നും പ്രശസ്ത ആത്മീയ ശാസ്ത്രചിന്തകനും ഗവേഷകനുമായ ഡോ.ബി.ജയപ്രകാശ്. ശാന്തിഗിരി ആശ്രമത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് (30-09-2022) ശേഷം 3 മണിക്ക് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ നടന്ന സന്ന്യാസ സംഘത്തിനുള്ള ഉദ്ബോധന ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമഗ്രമായ ആരോഗ്യം എന്നുപറയുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്. അത് തുല്യമാകുമ്പോഴാണ് ഒരാള്‍ ആരോഗ്യവാനാകുന്നത്. ശരീരത്തിന്റെ നിലനില്പിന് ഭക്ഷണം വ്യായാമം, ചിട്ടയായ ജീവിതം ഇവ എന്നതുപോലെ ആത്മാവിന്റെ നിലനില്പിന് ആവശ്യമായതാണ് ധ്യാനം, അറിവ്, പുത്തൻ ആശയങ്ങള്‍. എപ്പോഴും നമ്മള്‍ മനസ്സിലേക്ക് നോക്കാൻ കഴിവുള്ളവരായിരിക്കണം. മനസ്സ് എന്നാല്‍ (mind) multiple intelligence in normal direction എന്നതാണ് പൂര്‍ണ്ണരൂപം. നമുക്ക് ശരീരത്തിനുള്ളില്‍ ഇരുന്നുകൊണ്ട് ഉള്ളിലേക്ക് നോക്കുവാൻ കഴിയണം. നമ്മുടെ ആന്തരീകമായ ശക്തിചേതനയെക്കുറിച്ച് നാം അറിയണം. അത് വളര്‍ത്തണം, അതിന് ആത്മാവിന് ആവശ്യമായതാണ് ഏകാഗ്രതയും, ശാന്തതയുമാണ്. ശാന്തത മനസ്സിനെ കുളിര്‍പ്പിക്കുമ്പോള്‍ ധ്യാനം ഏകാഗ്രത നല്‍കുന്നു. ശാന്തവും ഏകാഗ്രവുമായ മനസ്സിലേക്ക് അറിവിന് കടത്തിവിടുമ്പോള്‍ നമ്മള്‍ ആത്മാവെന്ന ചേതനയക്ക് വളരുവാനുള്ള ഊര്‍ജ്ജം നല്‍കുകയായി. ആത്മാവിന്റെ വളര്‍ച്ചയ്ക്ക് വിജ്ഞാനവും വിനോദവും ആവശ്യമാണ്. വിജ്ഞാന വര്‍ദ്ധനവിന് പരന്ന വായന വേണം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുമ്പോള്‍ അന്തരംഗത്തിലേക്ക് അത് പകര്‍ത്തപ്പെടുന്നു. അത്തരത്തില്‍ അന്തരംഗത്തില്‍ പതിപ്പിക്കുന്ന ചിത്രങ്ങള്‍ സാര്‍ത്ഥകമാകുവാനുള്ള യജ്ഞം നാമറിയാതെ നമ്മില്‍ രൂപപ്പെടുത്തുന്നു. ആത്മീയാചാര്യന്മാര്‍ ഓതിത്തരുന്ന വേദമന്ത്രങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ മനസ്സില്‍ പതിയുന്നു. ഇപ്രകാരം മനസ്സിനെ ചിട്ടപ്പെടുത്തി ജീവിത വ്രതശുദ്ധമാക്കിയെടുക്കാം.

വേദമെന്നാല്‍ അറിവ് എന്നും വേദനയെന്നാല്‍ അറിവില്ലായ്മയെന്നുമാണ്. അറിവെത്തുമ്പോള്‍ വേദനയില്ലാതാകുന്നു. ശരീരത്തിന്റെ വേദനയ്ക്ക് മരുന്നെന്നപോലെ, മനസ്സിന്റെ വേദനയ്ക്കുള്ള മരുന്നാണ് അറിവ്. വിജ്ഞാനം ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നു. അവനില്‍ മാറ്റത്തിന്റെ കണിക വിതറുന്നു, ആ മാറ്റം സമൂഹത്തിനും ലോകത്തിനും ഉതകുന്നതാകുമ്പോഴാണ് ജീവിതം അര്‍ത്ഥവത്താകുന്നത്. ജന്മനാ തിരിച്ചറിവുള്ളവരാണ് മഹത്തുക്കള്‍, ഇടക്കാലം കൊണ്ടറിവ് നേടുന്നവരും പരിശീലനത്തിലുടെ അറിവ് നേടുന്നവരും ഉണ്ട്.

ആത്മീയത മനുഷ്യന്റെ ജന്മനായുള്ള വാസനകളെ സംസ്കരിച്ചെടുക്കുന്നു. വ്യത്യസ്ത രൂപത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും മനുഷ്യ മനസ്സുകളെ സംസ്കരിക്കാൻ പാകത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ഓരോ ആചാര്യന്മാരും അവരുടെതായ വഴികളിലൂടെ മനുഷ്യനില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വാസനകളിലെ പോരായ്കള്‍ കണ്ടറിഞ്ഞ് കാലങ്ങള്‍ക്കനുസരിച്ച് അത് പരിവര്‍ത്തനപ്പെടുത്താൻ വേണ്ടി പരിശ്രമിച്ചിട്ടുള്ളവരാണ്.

ഒരു മാതാവിന്റെ ഉദരത്തില്‍ ആദ്യഭ്രൂണം ചലിച്ചുതുടങ്ങുന്ന നിമിഷമാണ് ഒരു വ്യക്തിയുടെ ജനന സമയം. ഭ്രൂണ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാവിനുണ്ടാകുന്ന വികാരവിക്ഷോഭങ്ങള്‍, മനോവികാരങ്ങള്‍ കുട്ടിയെ സ്വാധീനിക്കുന്നു. ഇവിടെ മാതാവിന്റെ ഉപബോധമണ്ഡലത്തെ എപ്പോഴും ശ്രേഷ്ഠമായി വയ്ക്കുന്നതിലേക്ക് എപ്പോഴും ചിട്ടയായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനാലാണ് പരമ്പരാഗതമായും, ആധുനീക ശാസ്ത്രവും നിഷ്കര്‍ഷിക്കുന്നത്. അമ്മയുടെ വിചാരവികാരങ്ങള്‍ ഉപബോധമനസ്സ് പകര്‍ത്തിയെടുക്കുന്നു. അത് ആ ശരീരത്തിനുള്ളില്‍ വസിക്കുന്ന കുഞ്ഞിന്റെ മനസ്സ് അമ്മയുടെ മനസ്സുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആ അമ്മയിലേല്‍ക്കുന്ന ഓരോ ക്ഷതവും ആ കുഞ്ഞിലും പ്രതിഫലിക്കും.

ഒരു വ്യക്തിയുടെ ജീവിതത്തെ ‍ആറ്പടികളായിക്കാണാം, ആദ്യത്തെ പടി ജിജ്ഞാസ, രണ്ടാമത്തെ പടി ഗുരു സമാഗമം. മൂന്നാമത്തെ പടിയെ സാധന. നാലാമത്തെ പടി സാധ്യായം. അഞ്ചാമത്തെ പടി അനുഭവം., ആറാമത്തേത് അനുഭൂതി. ഈ ആറ് പടികളും താണ്ടുന്നവന്‍, ഈ എല്ലാ യാത്രകളിലേയും പ്രതിസന്ധികളെ മറികടന്നെത്തുന്നയാള്‍ ദൈവത്തെ കാണുന്നു. ഇതിനുള്ള അടിസ്ഥാനമാണ് ഭക്തി. ഭക്തിയിലൂടെ ഒരാള്‍ക്ക് മാനസീക പരിവര്‍ത്തനമുണ്ടാകും. ആ പരിവര്‍ത്തനം സ്വയം തിരിച്ചറിയണം.

കവിത ജയപ്രകാശ്, ആശ്രമം സീനിയര്‍ ജനറല്‍ മാനേജര്‍ റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സന്ന്യാസസംഘത്തിന് വേണ്ടി സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വിയും മറ്റ് സന്ന്യാസിമാരും ചേര്‍ന്ന് ഡോ.ജയപ്രകാശിനെ പൊന്നാടയണിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍ നന്ദി രേഖപ്പെടുത്തി.

 

Related Articles

Back to top button