KeralaLatestThiruvananthapuram

തൊടുപുഴയില്‍ വ്യാഴാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് : മുസ്ലിം ലീഗ്

“Manju”

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ സിപിഎം പോളിംഗിന് ശേഷം അക്രമം  അഴിച്ചു വിടുകയാണന്നും ഇതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

മുനിസിപ്പല്‍ ഏഴാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സികെ അബ്ദുല്‍ ഷരീഫിന്റെ വീട് കയറി അക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സിപിഎം ക്രമിനലുകള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു സിപിഎം അക്രമം. സിപിഎം ഏരിയാ സെക്രട്ടറിയുടെയും ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും പിന്തുണയോടെ നടത്തിയ അക്രമത്തില്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
തൊടുപുഴയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും മാഫിയാ സംഘങ്ങളെ വളര്‍ത്താനും സിപിഎം നേതൃത്വം കൊടുക്കുകയാണ്. സിപിഎം അക്രമ രാഷ്ട്രീയം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല.
പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയവരെ രാത്രി പതിനൊന്നരയോടെ മാരകായുധങ്ങളുമായി ആശുപത്രിയില്‍ അതിക്രമിച്ചു കടന്ന് സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം അതീവ ഗൗരവമായി കാണണം.
ജില്ലാ ആശുപത്രിയില്‍ സംഘടിച്ചെത്തിയ അക്രമി സംഘം വിളയാടുമ്പോഴും പോലീസ് കാഴ്ചക്കാരായി നിന്നു. അക്രമങ്ങള്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്തതാണന്ന് വ്യക്തമാണ്.
അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് നടപടി അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടിഎം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎംഎ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റവാളികളെ ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും പോലീസ് നിഷക്രിയത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ഡിസംബര്‍ 10ന് വ്യാഴാഴ്ച രാവിലെ 11 ന് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

Related Articles

Back to top button