India

എസ്ബിഐ പേയ്മെന്റ്സ് എന്‍പിസിഐയുമായി സഹകരിക്കുന്നു

“Manju”

മുംബൈ: എസ്ബിഐ പേയ്മെന്റ്സുമായി സഹകരിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്കായി ‘റൂപെ സോഫ്റ്റ് പിഒഎസ്’ അവതരിപ്പിക്കുന്നു. നൂതനമായ ഈ സംവിധാനത്തിലൂടെ റീട്ടെയില്‍ വ്യാപാരികള്‍ക്ക് എന്‍എഫ്സി സാധ്യമായ അവരുടെ സ്മാര്‍ട്ട്ഫോണുകളെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളാക്കി മാറ്റാനാകും. വ്യാപാരികള്‍ക്ക് ഇതുവഴി ലളിതമായ ഒരു ടാപ്പിലൂടെ 5000 രൂപവരെയുള്ള ഇടപാടുകള്‍ സ്മാര്‍ട്ട്ഫോണുകളിലൂടെ നടത്താനാകും.

വ്യാപാരികള്‍ക്ക് വളരെ ചെലവു കുറഞ്ഞ സൗകര്യങ്ങളിലൂടെ റൂപെ സോഫ്റ്റ് പിഒഎസ് സംവിധാനം ഏര്‍പ്പെടുത്താം. എംഎസ്എംഇകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം സ്വീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ട് വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പേയ്മെന്റ്‌ടെര്‍മിനലാക്കി മാറ്റാം. ചെറുകിട-ഇടത്തരം വ്യാപാരികളുടെ ഇടപാടുകളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും.നേരിട്ടുള്ള പണമിടപാടില്‍ നിന്നും സുരക്ഷിതമായ സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ പേയ്മെന്റിലേക്ക് മാറാന്‍ പ്രോല്‍സാഹനമാകും.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ പിന്തുണയ്ക്കാനായാണ് എസ്ബിഐ പേയ്മെന്റ് എന്‍പിസിഐയുമായി സഹകരിക്കുന്നതെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ ഗ്രാമീണ മേഖലകളിലേക്കും അര്‍ധ നഗരങ്ങളിലേക്കും ഇതുവഴി വ്യാപിക്കുമെന്നും ഉപഭോക്താക്കളുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനായി എന്‍സിഎംസി കാര്‍ഡുകള്‍ കൂടി ടെര്‍മിനലുകളുമായി സംയോജിപ്പിക്കുന്നുണ്ടെന്നും ഒരു ടാപ്പിലൂടെ 5000 രൂപവരെ ഇടപാടിന് ആര്‍ബിഐ അനുമതിയുണ്ടെന്നും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടെന്നും എസ്ബിഐ പേയ്മെന്റ്സ് എംഡിയും സിഇഒയുമായ ഗിരി കുമാര്‍ നായര്‍ പറഞ്ഞു.

റൂപെ സോഫ്റ്റ് പിഒഎസ് അവതരിപ്പിക്കാനായി എസ്ബിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് നൂതനമായൊരു പേയ്മെന്റ് സംവിധാനമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികളെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് തലങ്ങും വിലങ്ങുമുള്ള വ്യാപാരികളെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശരിയാ ദിശയാണ് റൂപെ സോഫ്റ്റ് പിഒഎസ് എന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.

Related Articles

Back to top button