KeralaLatest

ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട

“Manju”

ചാലക്കുടിയിലെ ആദിവാസികള്‍ക്ക് അന്നമൂട്ടാന്‍ സഞ്ചരിക്കുന്ന റേഷന്‍കട. റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രയ്ക്കാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. വന്യമൃഗ ശല്യമോ മഴയോ 35-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ തടസ്സമാകാറില്ല. വനാന്തരത്തിലെ കാര്‍ഡുടമകള്‍ക്ക് കൃത്യമായി റേഷന്‍ എത്തുന്ന സംവിധാനമാണിത്. സംസ്ഥാനത്താദ്യമായി തൃശൂര്‍ ജില്ലയിലാണ് ഈ പദ്ധതി നടപ്പാക്കിയത്. കോവിഡ് കാലത്തും, പട്ടിണി മാറ്റാന്‍ കള്ളത്തരങ്ങളില്ലാതെ ഊരുകളിലേയ്ക്ക് മുടങ്ങാതെ ഭക്ഷ്യ കിറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളെത്തുന്നു.

അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ (പെരിങ്ങല്‍ക്കുത്ത്)യിലെ സഞ്ചരിക്കുന്ന റേഷന്‍കട ഒമ്പത് ഊരിലാണ് ഭക്ഷ്യ ധാന്യമെത്തിക്കുന്നത്. ലോറിയില്‍ ഭക്ഷ്യസാധനങ്ങളുമായി റേഷന്‍ കടയെത്തുന്നതോടെ കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡുമായി വന്ന് സാധനങ്ങള്‍ വാങ്ങും. ബി ഡി ദേവസി എംഎല്‍എയുടെ ശ്രമഫലമായാണ് ഇവിടെ സഞ്ചരിക്കുന്ന റേഷന്‍കട ആരംഭിച്ചിരിക്കുന്നത്. കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ഒരുകിലോ പഞ്ചസാരയുമടക്കം മാസം 36 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുന്നത്.

ഷോളയാര്‍ ഗിരിജന്‍ കോളനി, ആനക്കയം കോളനി, തവളക്കുഴിപ്പാറ മലയന്‍ കോളനി, വാഴച്ചാല്‍ കോളനി, വാച്ച്‌മരം ഗിരിജന്‍ കോളനി, വാച്ച്‌ മരം മലയന്‍ കോളനി, മൂക്കുംപുഴ ഗിരിജന്‍ കോളനി, പൊകലപ്പാറ ഗിരിജന്‍ കോളനി, പെരിങ്ങല്‍ക്കുത്ത് കോളനി എന്നീ ഊരുകളിലെ 300 കുടുംബത്തിനാണ് റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നത്. റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും വാഹനത്തില്‍ മാസത്തില്‍ രണ്ട് ദിവസം സാധനങ്ങള്‍ എത്തുന്നു. വിതരണതീയതി പ്രൊമോട്ടര്‍മാര്‍ ഊരുകളില്‍ അറിയിക്കും.സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷന്‍ കട പീച്ചി മേഖലയിലെ ഊരുകളിലാണ് ആരംഭിച്ചത്. ഗവ. ചീഫ് വിപ്പുമായ അഡ്വ. കെ രാജന്‍ മുന്‍കൈയെടുത്ത പദ്ധതി മന്ത്രി പി തിലോത്തമനാണ് ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button