IndiaLatest

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാകി​സ്ഥാന്‍ ചര്‍ച്ചയ്ക്കായി​ ഇന്ത്യയി​ലെത്തുന്നു

“Manju”

ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തുന്നു. മാര്‍ച്ച്‌ 23,24 തീയതികളില്‍ ഡല്‍ഹിയി​ലാണ് ചര്‍ച്ച. ഇതിനായി വി​ദഗ്ദ്ധരുള്‍പ്പടെയുള്ള പാക് ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. 116- ാമത് യോഗമാണ് നാളെമുതല്‍ നടക്കുന്നത്. പാകിസ്ഥാന്റെ സിന്ധു നദീജല കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് മെഹര്‍ അലിഷാ ആണ് സംഘത്തലവന്‍. ലഡാക്കിലെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് പാകിസ്ഥാന്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതി​നോട് ഇന്ത്യ എങ്ങനെ പ്രതി​കരി​ക്കുമെന്ന് വ്യക്തമല്ല. ഭാവി കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന.ഇന്ത്യയും പാകി​സ്ഥാനും തമ്മി​ലുള്ള ബന്ധം അത്ര സുഖമല്ലാത്ത അവസ്ഥയി​ല്‍ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പി​ക്കുന്നുണ്ട്.

സിന്ധുനദീജല കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയും പാകി​സ്ഥാനും തമ്മി​ല്‍ ഓരോവര്‍ഷവും കൂടി​ക്കാഴ്ച നടത്തേണ്ടതുണ്ട്. ഇത് ഇന്ത്യയി​ലോ പാകി​സ്ഥാനി​ലോ ആകാം. എന്നാല്‍ ജമ്മുകാശ്മീനുള്ള പ്രത്യേക പദവി​ റദ്ദാക്കി​യതുമായി​ ബന്ധപ്പെട്ട വി​ഷയങ്ങളെത്തുടര്‍ന്നും കൊവി​ഡ് മൂലമുള്ള മറ്റ് പ്രശ്നങ്ങളാലും രണ്ടുവര്‍ഷമായി​ കൂടി​ക്കാഴ്ച നടന്നി​രുന്നി​ല്ല. സിന്ധു നദീജല കരാര്‍ 1960 സെപ്തംബര്‍ 19ന് കറാച്ചിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാര്‍ പ്രകാരം ബിയാസ്,രവി, സത്‌ലജ്, സി​ന്ധു, ഝലം, ചി​നാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതില്‍ ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ഝലം, ചി​നാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമായി​രി​ക്കും. സിന്ധു നദിയില്‍ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിലുള്ളത്. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് കരാര്‍ ഒപ്പി​ട്ടത്.

Related Articles

Back to top button