KeralaLatest

കോവിഡ് കാല തിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനില്‍ പ്രത്യേക ഒരുക്കങ്ങള്‍

“Manju”

ആലപ്പുഴ: ഓരോ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്കാനിങ് ഉപകരണം ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുമെന്നും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ടെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.

പോളിംഗ് ബൂത്തില്‍ ബ്രേക്ക് ദ ചെയിന്‍ ഉറപ്പാക്കുന്നതിനായി പി.പി.ഇ കിറ്റ്, സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ള ബ്രേക്ക് ചെയിന്‍ കിറ്റ് ലഭ്യമാക്കും. പോളിങ് ഓഫീസര്‍മാര്‍, പോലീസുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായി ഓരോ പോളിംഗ് ബൂത്തിലും കോവിഡ്-19 പ്രൊട്ടക്ഷന്‍ കിറ്റുകള്‍ നല്‍കും. കോവിഡ് രോഗികള്‍/കോവിഡ് സംശയിക്കുന്നവര്‍ ആയ സമ്മതിദായകര്‍ക്ക് പോളിങ് ദിവസം വൈകിട്ട് 6നും 7നും ഇടയിലാണ് വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. ഇവര്‍ എത്തുന്ന അവസാന മണിക്കൂറില്‍ എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പി പി ഇ കിറ്റുകള്‍ ധരിക്കും. ഇവര്‍ക്കായി പ്രത്യേക കാത്തിരിപ്പ് സ്ഥലവും ഒരുക്കും.

തെര്‍മല്‍ സ്കാനിങ്ങും സാനിറ്റൈസറും ബൂത്തുകളുടെ വാതുക്കല്‍ തന്നെ ഉറപ്പാക്കും. പോളിങ് സ്റ്റേഷന്റെ വാതുക്കല്‍ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്‍.എസ്.എസ്., എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പി.പി.ഇ കിറ്റ് ധരിച്ച്‌ കവാടത്തില്‍ ഉണ്ടാകും. വോട്ട് ചെയ്യാന്‍ എത്തുന്നയാളിന് ശരീരോഷ്മാവ് നിശ്ചിത അളവില്‍ കൂടുതല്‍ ആണെന്ന് കണ്ടാല്‍ രണ്ടു തവണ പരിശോധിക്കും. അപ്പോഴും കൂടിയ നിലയിലാണെങ്കില്‍ ടോക്കണ്‍/സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഈ സമ്മതിദായകരോട് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ചുകൊണ്ട് വോട്ട് ചെയ്യുന്നതിനായി എത്തിച്ചേരാന്‍ ആവശ്യപ്പെടും. ബൂത്തിനുള്ളില്‍ ഒരേ സമയം മൂന്നു പേരെ മാത്രമേ അനുവദിക്കൂ. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.

ക്യൂവില്‍ നില്‍ക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അകലം അടയാളപ്പെടുത്തും. സമ്മതിദായകര്‍ കൃത്യമായി സാമൂഹികവും പാലിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതുമായി ബൂത്തുതല ഓഫീസര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം തേടും. എല്ലാ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സോപ്പും വെള്ളവും ലഭ്യമാക്കും. സമ്മതിദായകര്‍ക്ക് കാണാവുന്ന ഇടങ്ങളില്‍ കോവിഡ് 19 ബോധവല്‍ക്കരണപോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. ഏതെങ്കിലും പോളിങ് ഏജന്റിന് നിശ്ചിത അളവില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉണ്ടെങ്കില്‍ ആളിനെ തിരിച്ചു പോകാന്‍ അനുവദിക്കുകയും പകരം മറ്റൊരാളെ പ്രവേശിപ്പിക്കുകയും ഈ വിവരം പ്രിസൈഡിങ് ഓഫീസര്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യണം. പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ഇരിക്കുന്നതിന് സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം ഒരുക്കും.

കോവിഡ് രോഗികളും കോവിഡ രോഗമുണ്ടെന്ന് സംശയിക്കുന്നവരും പി.പി.ഇ കിറ്റ്, ഹാന്‍ഡ് ഗ്ലൗസ്, എന്‍. 95 മാസ്ക് എന്നിവ ധരിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് സ്ട്രോങ് റൂം അണുവിമുക്തമാക്കും. സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും എല്ലാ നടപടികളും സ്വീകരിക്കുക.

Related Articles

Back to top button