India

വിദ്യാർത്ഥികളുടെ മുന്നിലിരുന്ന് മദ്യപാനം: അദ്ധ്യാപകന് സസ്‌പെൻഷൻ

“Manju”

ഹൈദരാബാദ്: വിദ്യാർത്ഥികളുടെ മുന്നിലിരുന്ന് മദ്യപിച്ച അദ്ധ്യാപകനെതിരെ നടപടിയെടുത്ത് ആന്ധ്രാപ്രദേശ് സർക്കാർ. അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സ്‌കൂളിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ഇയാളുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിട്ടത്. കോടേശ്വര റാവു എന്ന അദ്ധ്യാപകനെതിരെയാണ് നടപടി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മണ്ഡലൽ പരിഷത്ത് സ്‌കൂളിലെ അദ്ധ്യാപകനാണ് കോടേശ്വര റാവു. സ്‌കൂളിൽ മദ്യപിച്ചെത്തിയ ഇയാൾ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് മദ്യം ഉപയോഗിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട്് സ്റ്റാഫ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഇയാളുടെ കയ്യിൽ മദ്യക്കുപ്പിയും കാണാം. ഇത് ചോദ്യം ചെയ്ത ഒരു കുട്ടിയുടെ മാതാവിനെ ഇയാൾ അപമാനിച്ചു. ഇയാളുടെ പെരുമാറ്റം വീഡിയോയിൽ പകർത്തിയ സ്ത്രീയുടെ മുന്നിൽ വസ്ത്രമുരിയുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം.

അദ്ധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ശുചിമുറിയിലെ അലമാരയിലാണ് ഇയാൾ മദ്യക്കുപ്പികൾ സൂക്ഷിക്കുന്നതെന്നും ദിവസവും സ്‌കൂളിലിരുന്ന് മദ്യപിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനെതിരെ നേരത്തെ വിദ്യാർത്ഥികൾ ശബ്ദം ഉയർത്തിയപ്പോൾ ശിക്ഷയുടെ ഭാഗമായി വസ്ത്രമുരിയാൻ വിദ്യാർത്ഥികളോട് അദ്ധ്യാപകൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു കുട്ടി ആരോപിച്ചു.

അദ്ധ്യാപകന്റെ പ്രവൃത്തിയിൽ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പരാതിയുമായി എത്തിയിരുന്നു. ജോലിയിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാതാപിതാക്കൾ പരാതി നൽകിയത്. കുട്ടികൾക്ക് അറിവിന്റെ നല്ല പാഠങ്ങൾ പറഞ്ഞു നൽകേണ്ട അദ്ധ്യാപകർ തന്നെ ഇത്തരത്തിൽ പെരുമാറിയാൽ കുട്ടികളുടെ ഭാവിയെ അത് ദോഷമായി ബാധിക്കുമെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button