KeralaLatest

കോവിഡ്: അവശ്യവസ്തുക്കള്‍ക്ക് വില ഇരട്ടിയാക്കി

“Manju”

കിളിമാനൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങളെ കാറ്റില്‍പറത്തി മഹാമാരിക്കാലത്ത് സാധാരണക്കാരെ കൊള്ളയടിച്ച്‌ സ്വകാര്യ മെഡിക്കല്‍ സ്​റ്റോറുകള്‍. കോവിഡ് പ്രതിരോധത്തിനടക്കമുള്ള അവശ്യവസ്തുക്കള്‍ക്കാണ് കിളിമാനൂര്‍ മേഖലയിലെ സ്വകാര്യ മെഡിക്കല്‍ സ്​റ്റോറുകള്‍ വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് അത്യാവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചത്. പള്‍സ് ഓക്സിമീറ്ററുകളുടെ വില ഇരട്ടിയോളമാണ് വര്‍ധിച്ചത്. ഒരാഴ്ച മുമ്പുവരെ 1300 മുതല്‍ 1400 വരെയായിരുന്നു വില.

എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് 2000 മുതല്‍ മേലോട്ട് തരാതരം പോലെ വില ഈടാക്കുന്നത്രേ. ഡബിള്‍ മാസ്ക് ​വെക്കണമെന്ന് നിര്‍ദേശം സര്‍ക്കാര്‍ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സര്‍ജിക്കല്‍ മാസ്കുകളുടെ വില 125 ശതമാനത്തോളം വര്‍ധിപ്പിച്ചതായി പരാതി ഉയരുന്നു. സര്‍ജിക്കല്‍ മാസ്ക് നൂറെണ്ണം അടങ്ങുന്ന ഒരു പായ്ക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ 700 മുതല്‍ 730 വരെയായി വില ഉയര്‍ന്നു. സാധനത്തിന്റെ ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വര്‍ധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

പായ്ക്കറ്റ് പൊട്ടിച്ച്‌ നല്‍കുന്ന സര്‍ജിക്കല്‍ മാസ്​ക്കുകള്‍ക്ക് പത്ത് രൂപ വരെ വാങ്ങുന്നതായും പരാതിയുണ്ട്. ഡബിള്‍മാസ്ക് നിര്‍ബന്ധമാക്കുകയും തുണി മാസ്​ക്കുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം വരുകയും ചെയ്തതോടെയാണ് മാസ്ക് വില വര്‍ധിപ്പിച്ചതത്രേ. എന്നാല്‍ അമിതവില സംബന്ധിച്ച്‌ ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാര്‍ക്ക്. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ സ്​റ്റോറുകളില്‍ 750 മുതല്‍ 800 വരെയായിരുന്നു കഴിഞ്ഞമാസത്തെ വില. എന്നാല്‍ ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഓക്സിമീറ്ററുകള്‍ക്ക് കടുത്ത ക്ഷാമവും നേരിടുകയാണ്. തദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് ആവശ്യം.

Related Articles

Back to top button