IndiaKeralaLatest

മാസ്‌കിനും പള്‍സ് ഓക്‌സിമീറ്ററിനും അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

“Manju”

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്കിനും പള്‍സ് ഓക്സിമീറ്ററിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് സംസ്ഥാനത്ത് പടരുന്നത്. വാക്സിന്‍ സ്വീകരിച്ചാലും ജാഗ്രത കുറയ്ക്കരുതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. പള്‍സ് ഓക്‌സിമീറ്റര്‍ , മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും.

വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പള്‍സ് ഓക്‌സി മീറ്ററില്‍ ഓക്‌സിജന്‍ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തില്‍ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ കോണ്ടാക്റ്റ് പേര്‍സണെ ആ വിവരം അറിയിക്കുക എന്നതാണ്. ആര്‍.ആര്‍.ടി ആ വിവരം ജില്ലാ കണ്ട്രോള്‍ യൂണിറ്റിലേയ്ക്ക് കൈമാറുകയും ജില്ലാ കണ്ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച്‌ ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്‌ക്കോ,സി.എസ്.എല്‍.ടിസിയിലേയ്‌ക്കോ, കോവിഡ് കെയര്‍ ഹോസ്പിറ്റലുകളിലേയ്‌ക്കോ, ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്കോ മാറ്റുന്നതായിരിക്കും.

ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലന്‍സുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിംഗ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button