IndiaKerala

ഓക്സിജൻ ക്ഷാമം ; മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് കേരളം

“Manju”

തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. 219 ടൺ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. നേരത്തെ രാജ്യത്തെ ഒരേയൊരു ഓക്സിജൻ സർപ്ലസ് സംസ്ഥാനം കേരളമാണെന്നായിരുന്നു സർക്കാർ അവകാശവാദം. കൊറോണ കേസുകൾ കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. അതേസമയം കാസർകോഡ് ഉൾപ്പെടെയുള്ള ജില്ലയിൽ കർണാടകയിൽ നിന്നായിരുന്നു ഓക്സിജൻ നൽകിയിരുന്നത്. എന്നാൽ കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്സിജൻ ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കാസർകോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം.

കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എട്ട് രോഗികളെയാണ് വേറെ ആശുപത്രികളിലേക്ക് മാറ്റിയത്. ഓക്സിജൻ പ്ലാന്റുകൾ ഇല്ലാത്ത കാസർകോട് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്സിജൻ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു.

Related Articles

Back to top button