IndiaLatest

ആറ് വർഷത്തിനുള്ളിൽ സൈന്യത്തിൽ ചേർന്നത് മൂന്നിരട്ടി വനിതകൾ

“Manju”

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പ് വരുത്തി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറ് വർഷക്കാലത്തിനുള്ളിൽ സൈന്യത്തിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൈന്യത്തിലെ സ്ത്രീപങ്കാളിത്തം ഉയർന്ന വിവരം സർക്കാർ പാർലമെന്റിലാണ് അറിയിച്ചത്.

മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സൈന്യത്തിൽ സ്ത്രീകൾക്കായി നിരവധി വേദികൾ സൃഷ്ടിച്ചു. നിലവിൽ 9,118 സ്ത്രീകളാണ് വിവിധ സേനകളിൽ സേവനം അനുഷ്ഠിക്കുന്നത്. ഭാവിയിൽ ഇവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.

2014-15 ൽ 3000 സ്ത്രീകൾ മാത്രമാണ് മൂന്ന് സേനകളിലുമായി ഉണ്ടായിരുന്നത്. എന്നാൽ സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചതോടെ പുരുഷന്മാരുടെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും തുല്യ പങ്കാളിത്തം ഉറപ്പായി. ഇന്ന് യുദ്ധവിമാനങ്ങൾ പറത്തുന്നതിനും, നാവിക അഭ്യാസ പ്രകടനത്തിനും സ്ത്രീകൾ പ്രാപ്തരാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പേർ സൈന്യത്തിൽ ചേർന്നത് കഴിഞ്ഞ വർഷമാണെന്ന് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക് പറഞ്ഞു. സൈനിക പോലീസിൽ നോൺ ഓഫീസർ വിഭാഗത്തിൽ 1,700 സ്ത്രീകളെ നിയമിക്കാൻ സർക്കാർ അനുവാദം നൽകി. നോൺ ഓഫീസർ വിഭാഗത്തിൽ വനിതകളെ ഉൾപ്പെടുത്തുന്ന ആദ്യ കേഡർ മിലിറ്ററി പോലീസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button