IndiaKeralaLatest

കൊവിഡില്‍ കുടുങ്ങി പശുക്കളുടെ കുളമ്പ് വാക്സിൻ

“Manju”

ആലപ്പുഴ: കന്നുകാലികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ നല്‍കേണ്ട പ്രതിരോധ വാക്‌സിനേഷനില്‍ വന്ന വീഴ്ചമൂലം ജില്ലയില്‍ 21 പഞ്ചായത്തുകളില്‍ കുളമ്ബുരോഗം പടരുന്നു. ഒരാഴ്ചയ്ക്കിടെ 95 കന്നുകാലികളും കിടാരികളും ചത്തു. ഇന്നലെ വരെ 1000ല്‍ അധികം കാലികള്‍ക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂലം വാക്സിന്‍ ഉത്പാദനം കമ്ബനി കുറച്ചതിനാല്‍ കേന്ദ്രത്തില്‍ നിന്നുള്ള ലഭ്യത അവതാളത്തിലായതാണ് കുത്തിവെയ്പ് മുടങ്ങാന്‍ കാരണം.
രണ്ട് മാസം മുമ്ബ് കാര്‍ത്തികപ്പള്ളി താലൂക്കിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 1345 പശുക്കള്‍ക്ക് കുളമ്ബുരോഗം ബാധിച്ചു. രോഗം വ്യാപകമായതോടെ പാല്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. ആറുമാസത്തിലൊരിക്കല്‍ വാക്സിന്‍ എടുത്തില്ലെങ്കില്‍ കാലികളില്‍ പ്രതിരോധ ശേഷം കുറയും. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം ഘട്ടവും ഈ വര്‍ഷത്തെ ആദ്യ ഘട്ടവും നല്‍കാന്‍ കഴിയാത്തതാണ് രോഗ വ്യാപനത്തിന് വഴിയോരുക്കിയത്. വായ്പയെടുത്ത് പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ കടക്കെണിയിലായി. കുളമ്ബ് രോഗം ബാധിച്ച പശുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കില്ല. വൈറസ് രോഗമായാതിനാല്‍ കാലാവസ്ഥയിലെ മാറ്റം അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ രോഗം വ്യാപിക്കാം. പശുക്കളില്‍ വന്ധ്യതയ്ക്കു വരെ കുളമ്ബുരോഗം കാരണമാകും.
മുഴുവന്‍ സംസ്ഥാനങ്ങളിലും വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ദേശീയ ആനില്‍മല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി 2019ല്‍ ആണ് ആരംഭിച്ചത്. സംസ്ഥാനത്ത് 2020 ഫെബ്രുവരിയില്‍ പദ്ധതി തുടങ്ങി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ നിറുത്തിവച്ചു. പിന്നീട് ജൂണില്‍ പുനരാരംഭിച്ച്‌ സെപ്തംബര്‍ 15ന് പൂര്‍ത്തീകരിച്ചു. അന്ന് 73,025 മൃഗങ്ങള്‍ക്കാണ് (പശു, ആട്, എരുമ, പന്നി) വാക്‌സിന്‍ നല്‍കിയത്. 85.99 ശതമാനം മൃഗങ്ങള്‍ക്കും കുത്തിവയ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒന്നാംഘട്ടം പൂര്‍ത്തിയായത് വര്‍ഷാവസാനമായിരുന്നു. ഇത്തവണ ജനുവരിയല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കേണ്ടതായിരുന്നു.
 ലക്ഷണങ്ങള്‍
കുളമ്ബ്, വായ്, നാവ്, ചുണ്ടുകള്‍ എന്നിവ പൊട്ടല്‍, പനി, ഉമിനീര്‍ ഒലിക്കല്‍, തീറ്റ എടുക്കാന്‍ മടി
 ഗോരക്ഷ പദ്ധതി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുടളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്ബുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണ് ഗോരക്ഷ. 75 ശതമാനത്തിലധികം പ്രതിരോധശേഷി ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരവികസന വകുപ്പ്, മില്‍മ തുടങ്ങിയവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മാത്രമേ നിര്‍മാര്‍ജ്ജനം സാദ്ധ്യമാവൂ.
ജില്ലയില്‍ കുളമ്ബുരോഗം വ്യാപിക്കാതിരിക്കാന്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത എല്ലാ പഞ്ചായത്ത് പ്രദേശത്തും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ റിംഗ് വാക്‌സിന്‍ ആരംഭിച്ചു. അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലാണ് റിംഗ് വാക്‌സിനേഷന്‍ നടത്തുന്നത്. ആവശ്യമായ വാക്‌സിന്‍ പ്രാദേശിക വെറ്ററിനററി കേന്ദ്രങ്ങള്‍ നേരിട്ട് വാങ്ങി ബില്ല് ജില്ലാ ഓഫീസില്‍ ഹാജരാക്കുമ്ബോള്‍ തുക കൈമാറും. കാലികള്‍ക്ക് തീറ്റ നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്
ഡോ. എസ്.ജെ.ലേഖ, ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ കേന്ദ്രം

Related Articles

Back to top button