KeralaLatest

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

“Manju”

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഈ വര്‍ഷം ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. 2024 ജൂലൈ വരെ കാലാവധിയുണ്ടായിരിക്കെയായിരുന്നു5 ജോസ് കെ മാണിയുടെ രാജി.

ഒരുവര്‍ഷത്തിലധികം കാലാവധി ബാക്കിനില്‍ക്കേ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നാല്‍ ഒഴിവ് വന്ന തീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ ഒഴിവ് നികത്തണമെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 എ വകുപ്പില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വിഷയം അവലോകനം ചെയ്തുവെന്നും സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും അനുകൂലമാവുകയും ചെയ്യുന്നതുവരെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തീരുമാനിക്കുകയും ചെയ്തതായും കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ അഭിപ്രായം ആരായുകയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരികളുമായി മഹാമാരിയുടെ സാഹചര്യം വിലയിരുത്തുകയും ചെയ്ത ശേഷം ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

Related Articles

Back to top button