India

വിമർശനങ്ങൾക്കിടെ വിശദീകരണവുമായി മമത

“Manju”

കൊൽക്കത്ത : യാസ് ചുഴലിക്കാറ്റിൽ ബംഗാളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതിന് ന്യായീകരണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയതെന്ന് മമതാ മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാത്തതിൽ വ്യാപക വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.

തങ്ങൾ എത്തിയപ്പോഴേക്കും യോഗം ആരംഭിച്ചിരുന്നു. തന്റെ കയ്യിലുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അനുവാദം നൽകി. ഒരു മണിക്കൂറിന് ശേഷം വീണ്ടും യോഗമുണ്ടെന്നാണ് എസ്പിജി ഉദ്യോഗസ്ഥർ അറിയിച്ചത്. മുറിയിലേക്ക് നോക്കിയപ്പോൾ ഒഴിഞ്ഞ കസേരകൾ മാത്രമാണ് കണ്ടത്. യോഗത്തിൽ എന്തിനാണ് ബിജെപി നേതാക്കൾ പങ്കെടുക്കുന്നതെന്ന് അവരോട് ചോദിച്ചു.

യോഗത്തിൽ കസേരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങൾ കാട്ടിയാണ് വിമർശനം ഉന്നയിക്കുന്നത്. ഇത് ഗൂഢാലോചനയാണ്. യോഗത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിരുന്നു. താൻ എന്തിനാണ് അവർക്ക് വേണ്ടി യോഗത്തിൽ ഇരുന്നുകൊടുക്കേണ്ടത്. പ്രധാനമന്ത്രിയെ കാണാനാണ് പോയത്. റിപ്പോർട്ട് സമർപ്പിച്ച ശേഷം അനുമതി വാങ്ങിയാണ് അവിടെ നിന്നും പോയത്.

ഇതിന്റെ പേരിൽ തന്നെ അപമാനിക്കുകയോ, ബംഗാളിനെ അപകീർത്തിപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. തന്റെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവർ എല്ലാ യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. കേന്ദ്രത്തിന് വേണ്ടിയാണ് അവർ എല്ലായ്‌പ്പോഴും നില കൊള്ളുന്നത്. പിന്നെ എങ്ങിനെ ഇവർ സംസ്ഥാനത്തിനായി പ്രവർത്തിക്കും. തന്റേത് രാഷ്ട്രീയ വൈരാഗ്യമാണെന്നാണോ കരുതുന്നതെന്നും മമത ചോദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഏകപക്ഷീയമായി പ്രചരിക്കുന്ന വിവരങ്ങൾ ദു:ഖമുളവാക്കുന്നുണ്ട്. എല്ലായ്‌പ്പോഴും ഇത് തന്നെയാണ് നടക്കുന്നത്. ജനങ്ങൾക്ക് വേണ്ടി നിങ്ങളുടെ കാലുപിടിക്കാൻ ഞാൻ തയ്യാറാണ്. ഈ രാഷ്ട്രീയ കുടിപ്പക അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.

Related Articles

Back to top button