IndiaLatest

ജൂണില്‍ 12 കോടി വാക്‌സിന്‍‍ ലഭ്യമാക്കുമെന്ന് കേന്ദ്രം

“Manju”

ന്യൂദല്‍ഹി: ജൂണ്‍ മാസത്തില്‍ 12 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മെയ് മാസത്തെ അപേക്ഷിച്ച്‌ ഇത് 50 ശതമാനം ലഭ്യത കൂടുതലായിരിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 6.09 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്രം സൗജന്യമായി നല്‍കും. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പ്രവര്‍ത്തകര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കുമായാണ് നല്‍കുക. ബാക്കി 5.86 കോടി വാക്‌സിനുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വകാര്യ ആശുപത്രികളും നേരിട്ട് സംഭരിക്കും. ഇത് രണ്ടും ചേര്‍ത്താണ് ജൂണില്‍ ലഭിക്കുന്ന 12 കോടി വാക്‌സിന്‍ ഡോസുകള്‍.

മെയ് മാസത്തില്‍ 4.03 കോടി സൗജന്യ വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി അനുവദിച്ചു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും 3.90 കോടി വാക്‌സിനുകള്‍ സംഭരിച്ചു. ഇത് രണ്ടും ചേര്‍ത്ത് ആകെ 7.93 കോടി വാക്സിന്‍ ഡോസുകളാണ് മെയ് മാസത്തില്‍ നല്‍കിയത്. എല്ലാം സംസ്ഥാനങ്ങള്‍ക്കും ജൂണിലെ വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ അറിയിച്ചിട്ടുണ്ടെന്നും ഇത് വിതരണം ചെയ്യേണ്ട സമയക്രമം വൈകാതെ അറിയിക്കുമെന്നും കേന്ദ്രമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച്‌ മെയ് 17, 27,29 തീയതികളില്‍ കേന്ദ്രം കത്തയച്ചിട്ടുണ്ട്.

Related Articles

Back to top button