India

കൊറോണ വാക്‌സിൻ; സമഗ്ര പദ്ധതിയുമായി യുപി

“Manju”

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ ജില്ലയിലും തെരഞ്ഞെടുപ്പിന് 10 ദിവസങ്ങൾക്ക് മുൻപ് അർഹരായ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനുളള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കൊറോണ ഭീഷണിയില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനുളള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ യുപി സർക്കാർ ലക്ഷ്യമിടുന്നത്.

കൊറോണ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പദ്ധതി അവതരിപ്പിച്ചത്. ഇന്ന് മുതൽ പദ്ധതി നടപ്പിലാക്കി തുടങ്ങാനും ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഇതുവരെ യുപി 21.39 കോടി കൊറോണ വാക്‌സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. 13.47 കോടി ജനങ്ങൾക്ക് ആദ്യ ഡോസ് ലഭിച്ചു. 7.91 കോടി ആളുകൾക്ക് രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ 15 നും 18 നും ഇടയിൽ പ്രായമുളള 24.22 ലക്ഷം കൗമാരക്കാർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.

പുതിയ കൊറോണ വകഭേദം അത്ര തീവ്രമല്ലെന്നും കൂടുതൽ ദോഷകരമല്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിനേഷൻ എടുത്തവരിൽ ഇത് വലിയ ഭീഷണിയുണ്ടാക്കില്ല. അതുകൊണ്ടു തന്നെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സർക്കാർ സ്വകാര്യ ഓഫീസുകളിൽ നേരിട്ടുളള ഹാജർനില 50 ശതമാനമാക്കി കുറയ്‌ക്കാനും ബാക്കിയുളളവർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാനുളള സൗകര്യമൊരുക്കാനും യുപി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ഓഫീസുകളിലെ ജീവനക്കാർക്ക് കൊറോണ പോസിറ്റീവ് ആയാൽ ഏഴ് ദിവസത്തെ അവധിയും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെ ഏഴ് ഘട്ടമായിട്ടാണ് യുപിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുളളത്. ഫെബ്രുവരി 10 ന് 11 ജില്ലകളിലായുളള 58 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടമായ ഫെബ്രുവരി 14 ന് 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തിൽ 59 മണ്ഡലങ്ങളും നാലാം ഘട്ടത്തിൽ 60 മണ്ഡലങ്ങളും വിധിയെഴുതും.

ഫെബ്രുവരി 27 ന് അഞ്ചാം ഘട്ടത്തിൽ 11 ജില്ലകളിലെ 60 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. മാർച്ച് മൂന്നിന് നടക്കുന്ന ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടമായ മാർച്ച് ഏഴിന് 54 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button