Kerala

ടാക്‌സി കൂലി നൽകാതെ മുങ്ങിയ യുവാക്കളുടെ കൈവശം ആമകൾ

“Manju”

മൂന്നാർ: സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തിയ അഞ്ചംഗ സംഘത്തിൽ നിന്നും ആമകളെ പിടിച്ചെടുത്തു. നല്ലതണ്ണി റോഡിലെ ലോഡ്ജിൽ നിന്ന് പിടികൂടിയ യുവാക്കളെ പോലീസ് വനംവകുപ്പിന് കൈമാറി. തിരുവനന്തപുരത്ത് നിന്നും യുവാക്കളെ മൂന്നാറിൽ എത്തിച്ച ടാക്‌സി ഡ്രൈവർക്ക് പണം നൽകിയില്ലെന്ന് ആരോപിച്ച് പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

യുവാക്കൾ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതോടെ പോലീസ് ഇവരുടെ മുറി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഒളിപ്പിച്ച നിലയിൽ രണ്ട് ആമകളെ കണ്ടെത്തിയത്. യുവാക്കളെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായാണ് ഇവർ സംസാരിച്ചത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ ആമകളാണ് ഇതെന്നാണ് യുവാക്കളുടെ മൊഴി.

റെഡ് ഇയേർഡ് സ്ലൈഡിങ് ടർട്ടിൽ എന്ന ഇനത്തിൽപ്പെട്ട ആമകളാണ് ഇവ. ഏതെങ്കിലും ജലാശയത്തിൽ ഇവ വന്നുപെട്ടാൽ അവിടെയുള്ള മീനുകളടക്കം ജീവജാലങ്ങളെ പൂർണമായും തിന്ന് നശിപ്പിക്കും. ജലത്തിലെ ആവാസവ്യവസ്ഥയെ തകർക്കുന്ന ഈ ഇനത്തിലെ ആമകളെ പൊതുഇടങ്ങളിൽ വളർത്തുന്നതും പുഴകളിൽ നിക്ഷേപിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ സംരക്ഷിത വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താതിനാൽ ഇവയെ കൈവശം വെച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

Related Articles

Back to top button