IndiaLatest

വിമാനം റാഞ്ചുമെന്ന് സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്തു

“Manju”

ഭോപ്പാല്‍: വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു . മധ്യപ്രദേശിലെ ഷുജല്‍പുരില്‍ താമസിക്കുന്ന ഉജ്ജ്വല്‍ ജെയിന്‍ ആണ് അറസ്റ്റിലായത് . ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭോപ്പാല്‍ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.

ഭോപ്പാല്‍, ഇന്‍ഡോര്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഏത് വിമാനമാണെന്നോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയില്ല . തന്റെ വഴിയില്‍ നിങ്ങളാരും വരരുതെന്നും വിളിച്ചയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. സന്ദേശം ലഭിച്ചയുടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വിവരം കൈമാറി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

പരാതി ലഭിച്ചതോടെ ഗാന്ധിനഗര്‍ പോലീസും ക്രൈംബ്രാഞ്ചും അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് വിളിച്ച നമ്പര്‍ തിരിച്ചറിയുകയും അശോക ഗാര്‍ഡനിലെ വിലാസത്തിലാണ് ഉജ്ജ്വല്‍ എന്നയാള്‍ ഈ നമ്പര്‍ കരസ്ഥമാക്കിയതെന്നും കണ്ടെത്തി. എന്നാല്‍, അശോക ഗാര്‍ഡിനിലെത്തിയ പോലീസ് സംഘത്തിന് ഇയാളെ കിട്ടിയില്ല . 2014 വരെ ഇവിടെ താമസിച്ചിരുന്ന ഉജ്ജ്വല്‍ പിന്നീട് താമസം മാറിയിരുന്നു എന്നാണ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷുജല്‍പുരില്‍നിന്ന് ഉജ്ജ്വലിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഉജ്ജ്വല്‍ ജെയിനെ വിശദമായ ചോദ്യം ചെയ്യലിനും കൂടുതല്‍ അന്വേഷണത്തിനുമായി ഭോപ്പാലില്‍ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button