IndiaLatest

ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു

“Manju”

ഡല്‍ഹി: ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവര്‍ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നല്‍കാനും ബാധ്യസ്ഥരാകും. ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. നവംബര്‍ 2018 ലാണ് മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതില്‍ വിശദമായ നിര്‍ദേശങ്ങള്‍ 2019ല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഹെല്‍മറ്റുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വേണം. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ നിയമ ലംഘകര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്‌ട് അനുസരിച്ചുള്ള ശിക്ഷയാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ആരെങ്കിലും ഐഎസ്‌ഐ അംഗീകാരമില്ലാത്ത ഐഎസ്‌ഐ സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന, ഇറക്കുമതി, നിര്‍മ്മാണം, സൂക്ഷിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

ഐഎസ്‌ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായതോ അല്ലെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മറ്റുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെയോ പുതിയ നിയമം ബാധിക്കും. മിക്ക അന്താരാഷ്ട്ര ഹെല്‍മറ്റ് ബ്രാന്‍ഡുകളും കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറക്കുന്നത്. എന്നാല്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച്‌ തദ്ദേശ നിര്‍മാതാക്കളെ സഹായിക്കുന്നതിനായാണ് പുതിയ നിയമം പ്രാമുഖ്യം നല്‍കുന്നത്. ഇതുകാരണം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇന്ത്യന്‍ നിര്‍മ്മിത ഹെല്‍മറ്റുകളുടെ കയറ്റുമതി വര്‍ധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യന്‍ നിര്‍മ്മിത ഹെല്‍മറ്റുകള്‍ വിദേശ നിര്‍മ്മിത ഹെല്‍മറ്റുകളെക്കാള്‍ ചെലവ് കുറഞ്ഞവയാണ്. ഇതുകാരണം കൂടുതല്‍ ജനങ്ങള്‍ ഹെല്‍മറ്റ് ഉപയോഗിക്കുമെന്നും റോഡപകടങ്ങള്‍ കാരണമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഇത് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ തന്നെ രണ്ട് ഹെല്‍മറ്റുകള്‍ നല്‍കണമെന്നും ചില സംസ്ഥാനങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബ്രിട്ടീഷ് ഹെല്‍മറ്റ് കമ്പനിയായ ട്രയമ്പ് 2018ല്‍ ഈ നിയമം കൊണ്ടുവന്നപ്പോള്‍ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. ഇതോടെ ട്രയമ്പ് ഡീലര്‍മാര്‍ വാങ്ങിയ സ്റ്റോക്ക് കെട്ടിക്കിടക്കുകയായിരുന്നു. പുതിയ നിയമം വന്നതോടെ വിദേശ ഹെല്‍മറ്റ് നിര്‍മാതാക്കള്‍ക്ക് ഇവിടെ എത്തുമ്പോള്‍ ഇന്ത്യന്‍ ഗുണമേന്മ പരിശോധനകള്‍ വീണ്ടും നടത്താന്‍ നിര്‍ബന്ധിതമാകും. ചില കമ്പനികള്‍ ഇതിന് തയ്യാറാവുമെങ്കിലും വളരെ കുറച്ചു മാത്രം ഹെല്‍മറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വലിയ കമ്പനികള്‍ക്ക് ഇത് പ്രായോഗികമാവില്ല. കൂടുതല്‍ പണം നല്‍കി ഗുണമേന്മ കൂടിയ വിദേശ നിര്‍മ്മിത ഹെല്‍മറ്റുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുക.

Related Articles

Back to top button