KeralaLatest

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 33000 മെയ് 4 നു ശേഷം കൂടുതൽ ഇളവുകൾ

“Manju”

സിന്ധുമോള്‍ ആര്‍

ദില്ലി: വ്യാഴാഴ്ച രോഗം ബാധിച്ച് 67 പേര്‍ മരിക്കുകയും 1700 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു
നിലവില്‍ കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരേയും 1075 പേരാണ് മരണപ്പെട്ടത്. 33610 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ഇപ്പോൾ രാജ്യത്ത് രോഗ ബാധിതര്‍ 33000 ലെത്തിയിരിക്കുകയാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 24162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8372 പേര്‍ രോഗമുക്തരായി. ‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരും. നിരവധി ജില്ലകള്‍ക്ക് നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവ് നല്‍കി കൊണ്ടാവും പുതിയ നിര്‍ദേശങ്ങള്‍.’ എന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ 9915 പേര്‍ക്കും തൊട്ട് പിന്നാലെ ഗുജറാത്തില്‍ 4082 പേര്‍ക്കും ദില്ലിയില്‍ 3439 പേര്‍ക്കും മധ്യപ്രദേശില്‍ 2660 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

രാജസ്ഥാനില്‍ 2438, ഉത്തര്‍പ്രദേശില്‍ 2203, തമിഴ്‌നാട്ടില്‍ 2162 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശില്‍ 1403 പേര്‍ക്കും തെലുങ്കാനയില്‍ 1012 പേരുമാണ് കൊറോണ ബാധിതര്‍. കൊറോണ വൈറസ് രോഗത്തെതുടര്‍ന്നുള്ള മരണനിരക്കും മഹാരാഷ്ട്രയിലാണ് കൂടുതല്‍. ഇവിടെ ഇതുവരേയും 432 പേര്‍ മരണപ്പെട്ടു. ഗുജറാത്തില്‍ 197 പേരും മധ്യപ്രദേശില്‍ 129 പേരും ദില്ലിയില്‍ 56 പേരും രാജസ്ഥാനില്‍ 51 പേരും ഉത്തര്‍പ്രദേശില്‍ 39ഉം ആന്ധ്രപ്രദേശില്‍ 31 പേരുമാണ് ഇതുവരേയും കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.

ആഗോളതലത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നിരിക്കുകയാണ്. പത്ത് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്. ലോകത്തില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ 11 ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ദേശീയ തലത്തില്‍ തുടരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഇളവ് പ്രഖ്യാപിച്ച മേഖലകളുടെ വിവരങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Back to top button