International

നവാൽനിക്ക് വീണ്ടും തിരിച്ചടി; പ്രവർത്തനം നിരോധിച്ചു

“Manju”

മോസ്‌കോ: നവാൽനിയുടെ അഴിമതി വിരുദ്ധ സംഘടനകളെ നിരോധിച്ച് മോസ്‌കോ കോടതി. നവാൽനിയേയും സംഘടനയേയും വിഘടനവാദികളായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിപക്ഷനേതാവായ നവാൽനിയുടെ എഫ് ബി കെ എന്ന അഴിമതി വിരുദ്ധ സംഘടനയേയും സിറ്റിസൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയേയുമാണ് നിരോധിച്ചത്. നവാൽനിക്കായി പ്രചാരണം നടത്തുന്ന ഓഫീസുകളും പൂട്ടിമുദ്രവെച്ചു.

റഷ്യൻ ഭരണകൂടം ഏറെ ആശങ്കപ്പെടുന്ന പ്രവർത്തനങ്ങളാണ് ഇത്തരം സംഘടനകളും നേതാക്കളും ചെയ്യുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കോടതിയുടെ നടപടികളെ നവാൽനിയുടെ അഭിഭാഷകൻ യവേഗ്നി സ്മിർനോവ് വിമർശിച്ചു. പ്രതിപക്ഷത്തെ അടിച്ചമർത്താൻ കള്ളപ്പരാതികളും കേസുകളും നൽകുകയാണ് ചെയ്തത്. ഇതു വഴി രാജ്യത്തെ അഴിമതി വിരുദ്ധപോരാട്ടത്തെയാണ് പുടിൻ തളർത്താൻ നോക്കുന്ന തെന്നും സ്മിർനോവ് പറഞ്ഞു. മൂന്നരവർഷത്തെ ജയിൽ ശിക്ഷയാണ് നാവൽനിക്ക് നിലവിൽ നൽകിയിട്ടുള്ളത്. മോസ്‌കോ സിറ്റി കോടതി ശിക്ഷാ കാലാവധി രണ്ടര വർഷമാക്കി പിന്നീട് ചുരുക്കി.

സൈബീരിയ വിമാനത്താവളത്തിൽ വെച്ച് വിഷബാധയേറ്റ നവാൽനിയെ ജർമ്മനിയാണ് വിദഗ്ധചികിത്സനൽകി രക്ഷിച്ചത്. പുടിൻ വധിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി ജർമ്മനിയും അമേരിക്കയും രംഗത്തെത്തിയിരുന്നു. ജർമ്മനിയിൽ നിന്നും റഷ്യയിലെത്തി ഒരു മാസത്തിനകം ഭരണകൂടവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നവാൽനിയെ പുടിൻ ജയിലാക്കി. തുടർന്നുള്ള നിയമപോരാട്ടത്തിലാണ് കോടതിവിധി എതിരായത്.

Related Articles

Back to top button