International

സൂയസ് കുരുക്ക്: വ്യാജവാർത്തയ്ക്ക് ഇരയായത് ഈജിപ്തിലെ ആദ്യ വനിതാ കപ്പൽ ക്യാപ്റ്റൻ

“Manju”

കെയ്‌റോ: ലോകത്തെ കപ്പൽ ചരക്ക് ഗതാഗത പാതകളിൽ നിർണായകമായ സൂയസ് കനാലിലെ ഗതാഗതകുരുക്കിനു കാരണം കപ്പലിന്റെ ക്യാപ്റ്റനാണെന്ന പ്രചാരണം പൊളിയുന്നു .ആണുങ്ങളുടെ കുത്തകയായ ക്യാപറ്റന്‍ സ്ഥാനത്തേക്ക് ധൈര്യമായി കടന്നു വന്ന വനിത മര്‍വ എല്‍സ് ലെഹദാര്‍ എന്ന ക്യാപ്റ്റനെ ലക്ഷ്യമിട്ട് നടന്ന കള്ളപ്രചാരണമാണ് പൊളിഞ്ഞത്.

സംഭവം നടക്കുമ്പോൾ മര്‍വ അലക്‌സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്ത് ഐഡ ഫോര്‍ എന്ന കപ്പലില്‍ ഫസ്റ്റ്‌മേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു . ഈജിപ്തിലെ മാരിടൈം സേഫ്റ്റി അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ള കപ്പല്‍ ചെങ്കടലിലെ ഒരു ലൈറ്റ് ഹൗസിലേക്ക് സപ്ലൈ ദൗത്യവുമായി പോയതായിരുന്നു. ജോലിക്കിടെയാണ്, തന്റെ പേരില്‍ വ്യാജപ്രചാരണം നടക്കുന്നതായി മര്‍വയുടെ ശ്രദ്ധയില്‍ പെട്ടത്.

മര്‍വയുടെ വാർത്തയുമായി മുമ്പ് അറബ് ന്യൂസില്‍ വന്ന ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് തവണയാണ് ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. അതോടൊപ്പം, മര്‍വക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും തുടങ്ങി.

നാവിക സേന ഉദ്യോഗസ്ഥനായ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് മര്‍വ ഈ രംഗത്തെത്തിയത്. പുരുഷന്‍മാരെ മാത്രമായിരുന്നു അന്ന് നാവിക അക്കാദമി പരിശീലനത്തിന് എടുത്തിരുന്നത്. അന്നത്തെ ഈജിപ്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ടാണ് കപ്പലോടിക്കാന്‍ താല്‍പ്പര്യവുമായി വന്ന മര്‍വയ്ക്ക് പരിശീലനം ഉറപ്പാക്കിയത്.

ഇപ്പോഴത്തെ വ്യാജപ്രചാരണത്തില്‍ മനസ്സ് വിഷമിച്ചെങ്കിലും, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ആരോപണ വിധേയയായ വനിതാ ക്യാപ്റ്റന്‍ മര്‍വ എല്‍സ് ലെഹദാര്‍ പറയുന്നത് . ആരോപണങ്ങളെ തനിക്ക് കിട്ടിയ പബ്ലിസിറ്റിയായിട്ടാണ് മർവ കാണുന്നത് .

മാർച്ച് 23നാണ് ചൈനയിൽ നിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമദ്ധ്യേ എവർഗിവൺ കപ്പൽ കനാലിൽ കുടുങ്ങിയത്. സൂയസിന്റെ തെക്കേ അറ്റത്തുള്ള സിംഗിൾ ലെയിനിലാണ് എവർ ഗിവൺ സഞ്ചരിച്ചത്. ഒറ്റവരിപ്പാതയിൽ ഭീമൻ കപ്പൽ കുടുങ്ങിയതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണമായി മുടങ്ങിയിരുന്നു. ഇതോടെ 360 ഓളം ചരക്കുക്കപ്പലുകളാണ് ഇരുവശത്തും കുടുങ്ങിക്കിടന്നത്.പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33 ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുളള സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനം വരുമിത്.

Related Articles

Back to top button