India

നുഴഞ്ഞുകയറ്റം; എട്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

“Manju”

ന്യൂഡൽഹി : അതിർത്തിയിലൂടെ നുഴഞ്ഞുകയറി രാജ്യത്തെത്തിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലൂടെ അനധികൃതമായി പ്രവേശിച്ച എട്ട് പേരാണ് ആന്ധ്ര പ്രദേശിൽ പിടിയിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്.

അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിച്ച ബംഗ്ലാദേശ് സ്വദേശികൾ ഹൗറ-ചെന്നൈ മെയിലിലും ഹൗറ-വാസ്‌കോഡഗാമ അമരാവതി എക്‌സ്പ്രസ് ട്രെയിനിലും യാത്ര ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്.

മുഹമ്മദ് ഹസ്സൻ, ഹൈദർ അലി ഖാൻ, ഇംദാദിൽ ഖാൻ, സയിദുള്ള ഷെയ്ഖ് എന്നിവരെ ഹൗറ-വാസ്‌കോഡഗാമ എക്‌സ്പ്രസിൽ നിന്ന് പോലീസ് പിടികൂടി. ഷെയ്ഖ് സദ്ദാം, മുഹമ്മദ് അലി അമീൻ, മുഹമ്മദ് സഖായത്ത് ഹുസൈൻ, ഖയ്യും ഖാൻ എന്നിവർ ചെന്നൈയിലേയ്ക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. അതിർത്തിയിലെ അഴുക്കുചാലിൽ കൂടിയാണ് രാജ്യത്തേയ്ക്ക് പ്രവേശിച്ചത് എന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.

കൊറോണയുടെ ആദ്യതരംഗത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണിന് ശേഷമാണ് ഇവർ രാജ്യത്തെത്തിയത്. തുടർന്ന് പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലായി താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ പരിശോധനയ്ക്ക് അയച്ചു.

Related Articles

Back to top button