IndiaLatest

പഠിക്കാന്‍ പാര്‍ക്കുകള്‍ ധാരാളം

“Manju”

അഹമ്മദാബാദ്: കോവിഡ് മഹാമാരിയെ ഭയന്ന് ലോകമെങ്ങും സ്‌കൂളുകള്‍ മുഴുവന്‍ അടച്ചുപൂട്ടിയപ്പോള്‍ പഠനം ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് മാറി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നിര്‍വാഹമില്ലാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ ദുഃഖമാണ്. എന്നാല്‍ ഈ കുട്ടികള്‍ക്ക് പഠനം മുടക്കമില്ലാതെ തുടരുന്ന ഒരു സ്ഥലമുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലാണിത്.
ക്ലാസ്മുറിയും ബോര്‍ഡുമില്ലെങ്കിലും ഇവര്‍ പഠിക്കുകയാണ്. നരണ്‍പുരയിലെ തുറന്ന പാര്‍ക്കിലാണ് ഇവരുടെ പഠനം. പാര്‍ക്കിലെ ചാരുബഞ്ചില്‍ ചാരിവച്ചിരിക്കുന്ന വൈറ്റ് ബോര്‍ഡില്‍ അധ്യാപിക പാഠഭാഗങ്ങള്‍ എഴുതും. വിദ്യാര്‍ത്ഥികള്‍ അവ ഏറ്റുചൊല്ലും. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന നാരണ്‍പുര ഹിന്ദി മീഡിയം സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
പാര്‍ക്കിന്റെ ഒരു ഭാഗത്ത് എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പഠനം നടക്കുമ്ബോള്‍ മറ്റൊരു ഭാഗത്ത് ആറാം ക്ലാസിലെ ഗണിതപാഠം പഠിപ്പിക്കുകയാണ്. പതിവുപോലെ നടക്കാനിറങ്ങിയവരും മറ്റും അവര്‍ക്ക് ഒരു തടസ്സവുമുണ്ടാക്കുന്നില്ല.
ഗുജറാത്തിലെ ഷേരി ശിക്ഷണ്‍ (തെരുവ് വിദ്യാഭ്യാസം) പദ്ധതിയുടെ ഭാഗമാണ് ഈ പഠനം. ജൂണ്‍ അവസാന ആഴ്ച മുതല്‍ ഇവരുടെ ക്ലാസുകള്‍ പുനരാരംഭിച്ചു. പാര്‍ക്കുകള്‍ മാത്രമല്ല, ക്ഷേത്രമുറ്റങ്ങളും ഇവര്‍ക്ക് പാഠശാലയാണ്.
റെഗുലര്‍ ക്ലാസ് പോലെ തന്നെയാണ് പഠനം. എല്ലാ ദിവസവും ഓരോ മണിക്കൂര്‍ അധ്യാപകര്‍ മാറിമാറി ക്ലാസെടുക്കുന്നു. എല്‍.പി വിഭാഗത്തില്‍ 3-5 വരെയും യു.പി വിഭാഗത്തില്‍ 6-8 വരെയുമുള് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ ക്ലാസ് നടക്കുന്നത്. തന്റെ ക്ലാസിലെ 75 ശതമാനം കുട്ടികളും ഈ ക്ലാസിന്റെ ഭാഗമാകുന്നുണ്ടെന്ന് എട്ടാം ക്ലാസിലെ അധ്യാപികയായ രുചിക ഷാ പറയുന്നു.
ഗുജറാത്തില്‍ 12ാം ക്ലാസ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചിരുന്നു. പകുതി വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസില്‍ നേരിട്ട് പങ്കെടുക്കാവുന്നത്. 9-11 ക്ലാസുകള്‍ വൈകാതെ തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button