LatestThiruvananthapuram

കര്‍ക്കിടകത്തിലെ ആരോഗ്യ ചികിത്സ; ഗുണങ്ങളറിയാം

“Manju”

വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ മനുഷ്യന്റെ ശരീരബലവും പ്രതിരോധ ശേഷിയുമൊക്കെ കുറയുന്നു. ഇവ വീണ്ടെടുക്കാൻ കര്‍ക്കിടക ചികിത്സയ്‌ക്ക് കഴിയുന്നുവെന്നാണ് വിശ്വാസം. ചികിത്സയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് കര്‍ക്കിടക മാസം. മനുഷ്യശരീരത്തെ നിലനിര്‍ത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളാണ് കര്‍ക്കിടക ചികിത്സയില്‍ ഉള്‍പ്പെടുന്നത്.

മഴക്കാലം പൊതുവേ ഈര്‍പ്പം അധികമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ കര്‍ക്കിടക ചികിത്സ പല ആയുര്‍വേദ ഡോക്ടര്‍മാരും പ്രതിരോധ ആരോഗ്യ സംരക്ഷണമായി നിര്‍ദ്ദേശിക്കുന്നു. വേനല്‍ക്കാലം വിഷാംശം വര്‍ദ്ധിപ്പിക്കുന്ന സമയമാണെന്നാണ് പറയാറുള്ളത്. മഴക്കാലം കെട്ടിക്കിടക്കുന്ന വിഷവസ്തുക്കളെ വര്‍ദ്ധിപ്പിക്കുന്നു. കൊടും ചൂടിന് ശേഷമുള്ള മഴ, അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ഈര്‍പ്പം തണുത്ത കാലാവസ്ഥയിലേക്കും കഫ ദോഷവും വരുത്തുന്നു. ദഹനം, ശ്വസനം, സന്ധിവാതം, അലര്‍ജി, ജലജന്യ രോഗങ്ങള്‍ എന്നിവയിലേക്കും നയിക്കുന്നു. മഴക്കാലത്ത് ചര്‍മ്മം മൃദുവാകുന്ന സമയമാണ്. അതുകൊണ്ട് തന്നെ ചികിത്സകള്‍ എളുപ്പമാക്കാനുള്ള സമയവുമാണിത്.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് കര്‍ക്കിടക ചികിത്സയുടെ പ്രധാന ലക്ഷ്യം. ആയുര്‍വേദ വിദഗ്ധര്‍ ഏറ്റവുമധികം ഉപദേശിക്കുന്ന ചികിത്സയാണ് പഞ്ചകര്‍മ്മ ചികിത്സ. പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധന ചികിത്സകള്‍ക്കാണ് കര്‍ക്കിടക ചികിത്സയില്‍ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചില്‍, ശിരോധാര, അഭ്യംഗം, നസ്യം തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കര്‍ക്കിടക ചികിത്സ. ചികിത്സയ്‌ക്കൊപ്പം ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം, മസാജ്, യോഗ, ധ്യാനം എന്നിവയുമുണ്ട്.

ശരീരത്തില്‍ അണുബാധ വര്‍ദ്ധിക്കാൻ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം. അണുബാധയെ ചെറുക്കുന്നതിന് സാധാരണ നിര്‍ദ്ദേശിക്കപ്പെടുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം ആന്തരികമായ ബലം വര്‍ദ്ധിപ്പിക്കുന്നതിനായി ആയുര്‍വേദം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മരുന്ന്, കഞ്ഞി, ഔഷധ പ്രയോഗങ്ങള്‍, ശോധന ചികിത്സകള്‍, വ്യായമം, ആഹാര നിയന്ത്രണം എന്നിവയാണ് ഇതിനായി ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിങ്ങനെയുള്ള മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞിയും ഏറെ ഗുണപ്രദമാണ്. ആഹാരം കലോറി കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും ആണ് ഈ സമയത്ത് നല്ലത്. ചെറുപയര്‍, പോലുള്ള ധാന്യങ്ങള്‍ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്. കുരുമുളക്, ചുക്ക്, ഇവയൊക്കെ പൊടിച്ചിട്ട വെള്ളവും പതിവാക്കാവുന്നതാണ്.

കര്‍ക്കിടക ചികിത്സയുടെ ഗുണങ്ങള്‍ നിരവധിയാണ്. ഒരാളെ ആരോഗ്യവാനാക്കുന്നത് ആ ആളുടെ പ്രതിരോധശേഷിയാണ്. വ്യക്തിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി ശരീരത്തിന്റെയും മനസിന്റെയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് കര്‍ക്കിടക ചികിത്സയുടെ പരമ പ്രധാനമായ ലക്ഷ്യം. വ്യത്യസ്തമായ ജീവിത രീതികള്‍ ശരീരത്തിനും മനസിനും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. തത്ഫലമായി ശരീരത്തില്‍ വിഷാംശമുണ്ടാകുന്നു. ഇതിന്റെ ഫലമായി പല രോഗങ്ങളും വന്നുച്ചേരുന്നു. കര്‍ക്കിടക ചികിത്സ ഊര്‍ജ്ജ സ്ഥാനങ്ങളെ ഉത്തേജിപ്പിച്ച്‌ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്‌ക്കാനും കര്‍ക്കിക ചികിത്സ സഹായിക്കുന്നു.

സാധാരണയായി 7, 14, 21 ദിവസങ്ങളിലാണ് കര്‍ക്കിടക ചികിത്സ നടത്തി വരുന്നത്. പ്രത്യേക മരുന്നുകള്‍ കൊണ്ട് തയ്യാറാക്കുന്ന എണ്ണ ചെറു ചൂടോടെ തലയില്‍ ധാര പോലെ ഒഴിക്കുന്ന ചികിത്സയാണ് ശിരോവസ്തി. ഔഷധഗുണമുള്ള മരം കൊണ്ട് തീര്‍ത്ത പാത്തിയില്‍ കിടത്തി ചെയ്യുന്ന ചികിത്സയാണ് പിഴിച്ചില്‍. ആയൂര്‍വേദ മരുന്നുകള്‍ എണ്ണ ധാര മുറിയാതെ തലയില്‍ വീഴ്‌ത്തുന്ന ചികിത്സയാണ് ധാര. ഞവരയരി കിഴി കെട്ടി, കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത് തിളപ്പിച്ചതില്‍ വേവിച്ച്‌ കിഴിയാക്കി മരുന്നില്‍ മുക്കി ശരീരത്തില്‍ ഉഴിയുന്ന ചികിത്സയാണ് കിഴി.

 

Related Articles

Back to top button