InternationalLatest

അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കും: താലിബാൻ

“Manju”

കാബൂൾ : യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ ആക്രമണം ആരംഭിച്ച താലിബാൻ അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തായി റിപ്പോർട്ട്. ബാക്കിയുള്ള പ്രദേശങ്ങളും ഉടൻ പിടിച്ചെടുക്കുമെന്ന് താലിബാൻ വക്താവ് അറിയിച്ചു. എന്നാൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് ആക്രമണങ്ങളുമായി ബന്ധമില്ലെന്നാണ് താലിബാന്റെ വാദം. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

എക്കാലത്തും താലിബാൻ ഒറ്റയ്‌ക്കാണ് പോരാടിയിട്ടുള്ളത്. പാക് ചാരസംഘടനയ്‌ക്ക് താലിബാൻ ആക്രമണത്തിൽ ബന്ധമുണ്ടെന്നുള്ളത് ശത്രുക്കൾ പറഞ്ഞുപരത്തുന്ന അഭ്യൂഹങ്ങളാണ്. അഫ്ഗാനിലെ എല്ലാ ജനങ്ങൾക്കും അവർ അർഹിക്കുന്ന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. അഫ്ഗാനിലെ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഏകാധിപത്യമല്ല രാജ്യത്ത് ഏർപ്പെടുത്തുന്നത് എന്നാണ് താലിബാന്റെ വാദം. താലിബാൻ ആക്രമണം ഭയന്ന് നിരവധി പേർ പലായനം ചെയ്തു എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് താലിബാന്റെ ന്യായീകരണം.

ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പങ്കില്ലെന്നും തീവ്ര ഇസ്ലാമിക സംഘടനാ വക്താവ് പറഞ്ഞു. ഡാനിഷ് സിദ്ദിഖി അഫ്ഗാൻ സൈന്യത്തോടൊപ്പമാണ് ഉണ്ടായിരുന്നത്. മാദ്ധ്യമപ്രവർത്തകർ രാജ്യത്ത് എത്തിയെങ്കിൽ താലിബാൻ സംഘടനയുമായി കൂടിക്കാഴ്ച നടത്തണമായിരുന്നു എന്ന് പറഞ്ഞ സംഘടന സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കൂട്ടിച്ചേർത്തു. അഫ്ഗാനിലെ ഇന്ത്യൻ ചരിത്രസ്മാരകങ്ങൾ താലിബാൻ തകർക്കുന്നു എന്ന വാർത്തയും സംഘടന നിഷേധിച്ചു. അഫ്ഗാൻ സൈന്യത്തിന്റെ ക്യാമ്പുകളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത് എന്നും സ്‌കൂളുകളും ആശുപത്രികളും തകർത്തിട്ടില്ലെന്നുമാണ് സംഘടന വക്താവ് പറഞ്ഞത്.

Related Articles

Back to top button