KeralaLatest

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച വരെ കാലവര്‍ഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാറ്റും കടല്‍ ക്ഷോഭവും ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. തിങ്കളാഴ്ചവരെ കടലില്‍ പോകരുതെന്നും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Related Articles

Back to top button