IndiaLatest

രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനെന്ന് ആശങ്ക

“Manju”

ന്യൂഡല്‍ഹി: ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആര്‍-നമ്പര്‍ ‍(റീപ്രൊഡക്‌ഷന്‍ നമ്പര്‍) ഒന്നിനു മുകളില്‍ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി. കഴിഞ്ഞ ദിവസം 17 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഇപ്പോള്‍ ദേശീയതലത്തില്‍ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍.) അഞ്ചുശതമാനത്തില്‍ താഴെയാണെങ്കിലും നിലവിലെ കണക്ക് വിലയിരുത്തുമ്പോള്‍ ഇനിവരുന്ന ആഴ്ചകളില്‍ രോഗം അതിവേഗം പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗം ശക്തമായാല്‍ ഒക്ടോബറില്‍ ഒന്നരലക്ഷംവരെ പ്രതിദിന കേസുകള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് ഹൈദരാബാദ്, കാന്‍പുര്‍ ഐ.ഐ.ടി.കള്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ജൂലായ് 25-നുതന്നെ ദേശീയതലത്തില്‍ ആര്‍-നമ്പര്‍ ഒന്നിനടുത്ത് എത്തിയിരുന്നു. ഒന്നിനു മുകളിലാണ് ആര്‍-നമ്പറെങ്കില്‍ ഒരു രോഗിയില്‍നിന്ന് വേറൊരാളിലേക്ക് രോഗം പടരും. കേരളത്തില്‍ 1.2 ആണ് ആര്‍-നമ്പര്‍. അതായത്, സംസ്ഥാനത്ത് ഒരു രോഗിയില്‍നിന്ന് 1.2 ആളിലേക്ക് രോഗം പടരാനിടയുണ്ട്. കേരളത്തിനും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പുറമേ ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ആര്‍-നമ്പര്‍ ഒന്നിനു മുകളിലെത്തി. എട്ടുസംസ്ഥാനങ്ങളില്‍ ഇത് ഒന്നിനു മുകളിലായിക്കഴിഞ്ഞു. കര്‍ണാടകം, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഒന്നിനടുത്തെത്തി നില്‍ക്കുകയാണ്. ഫെബ്രുവരിയില്‍ രണ്ടാംതരംഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ദേശീയതലത്തില്‍ 1.01 ആയിരുന്നു ആര്‍-നമ്പര്‍.

Related Articles

Back to top button