Thiruvananthapuram

മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചു : ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും മർദ്ദനം

“Manju”

തിരുവനന്തപുരം : ആലപ്പുഴയ്‌ക്ക് പിന്നാലെ തിരുവന്തപുരത്തും ഡോക്ടർക്ക് നേരെ ആക്രമണം. പാറശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം.ഡോക്ടർ സജുവിനെയും സുരക്ഷാ ജീവനക്കാരനെയും ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് സംഘം അതിക്രമം നടത്തിയത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൈയ്‌ക്ക് മുറിവേറ്റ യുവാവുമായാണ് സംഘം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. യുവാവിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേരും മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ഈ ബഹളം കേട്ടെത്തിയ ഡോക്ടർ സജുവിനെയും സംഘം മർദ്ദിച്ചു. അടിയേറ്റ് നിലത്തുവീണ ഡോക്ടറെ അക്രമി സംഘം വീണ്ടും നിലത്തിട്ട് മർദ്ദിച്ചു എന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുൽ, സജിൻ, ശംഭു, വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. അവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരണ പ്രതിഷേധം നടത്തിയിരുന്നു. പ്രതികളെ പിടികൂടിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

Related Articles

Back to top button